NEWS

17 കാരിയുടെ പ്രസവം: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെതിരെ മുൻപും ക്രിമിനൽ കേസുകൾ

കൊല്ലം: പരവൂർ സ്വദേശിനിയായ പതിനേഴുകാരി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ, പോക്സോ കേസിൽ പ്രതിയായ പതിനേഴുകാരനെതിരെ നേരത്തെയും സമാനമായ കേസുകളുള്ളതായി വിവരം. കുടുംബ സുഹൃത്തായ ഇയാൾക്കെതിരെ മോഷണക്കേസുകളും നിലവിലുണ്ടെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. പ്രസവവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി മൈലമൂട് സ്വദേശിയായ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കാനുള്ള ക്രമീകരണങ്ങൾ പോലീസ് തുടങ്ങിക്കഴിഞ്ഞു.

ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, കുടുംബങ്ങൾ തമ്മിൽ വലിയ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നുവെന്നും കുളത്തൂപ്പുഴ പോലീസ് വ്യക്തമാക്കി. വീടുകൾ തമ്മിൽ സന്ദർശിക്കുന്നതും അടുപ്പത്തോടെ പെരുമാറുന്നതും ഇവർക്കിടയിൽ പതിവായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും, പ്രായം തെളിയിക്കുന്ന കൃത്യമായ രേഖകൾ സമർപ്പിക്കാൻ ബന്ധുക്കൾ തയ്യാറായില്ല.

തുടർന്ന്, കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അവിടെ വെച്ച് അവൾ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ആശുപത്രി രേഖകളിൽ പതിനെട്ട് വയസ്സെന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നെങ്കിലും, പ്രസവത്തിന് ശേഷം പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് അവൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ വിവരം കുളത്തൂപ്പുഴ പോലീസിനെ അറിയിക്കുകയും നിയമനടപടികൾ ആരംഭിക്കുകയുമായിരുന്നു.

Fashion ⏭️

Back to top button