NEWS

കൊട്ടിയം ടാർ മിക്സിങ് പ്ലാന്റ്: വിഷപ്പുക ശ്വസിച്ച് അമ്പതോളം വിദ്യാർഥികൾ ആശുപത്രിയിൽ

കൊല്ലം കൊട്ടിയത്തെ സ്വകാര്യ ടാർ മിക്സിങ് യൂണിറ്റിൽ നിന്നുണ്ടായ വിഷപ്പുക ശ്വസിച്ച് സമീപത്തെ വിദ്യാലയത്തിലെ അമ്പതോളം വിദ്യാർഥികൾ ചികിത്സ തേടി. കൊട്ടിയം ഓക്സിലിയം സ്കൂളിലെ വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇതിൽ മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവിധ ആശുപത്രികളിലായിട്ടാണ് കുട്ടികൾ ചികിത്സയിൽ കഴിയുന്നത്. ആരുടെയും ആരോഗ്യനില ആശങ്കാജനകമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടികൾക്കൊപ്പം ചില അധ്യാപകർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

കൊട്ടിയം ചൂരൽപൊയ്കയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്ന് രാവിലെ പതിനൊന്നരയോടെയാണ് വിഷപ്പുക പുറത്തേക്ക് വമിക്കാൻ തുടങ്ങിയത്. തുടർന്ന് കുട്ടികൾക്ക് തലകറക്കം, ഛർദി, ശരീരത്തിൽ ചൊറിച്ചിലും തടിപ്പും തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു. സ്കൂളിന്റെ രണ്ടാം നിലയിലുള്ള ക്ലാസ് മുറികളിലിരുന്ന കുട്ടികളിലാണ് ആദ്യം ഇത്തരം ലക്ഷണങ്ങൾ പ്രകടമായത്. വിവരം അറിഞ്ഞ ഉടൻ തന്നെ അധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് സുരക്ഷിതമായി അസംബ്ലി ഹാളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് ഒന്നരയോടെ കൂടുതൽ വിദ്യാർഥികളിലേക്ക് ബുദ്ധിമുട്ടുകൾ വ്യാപിച്ചതോടെ ആംബുലൻസുകൾ എത്തിച്ച് അവരെ അടിയന്തരമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Fashion ⏭️

Back to top button