NEWS
ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണമെന്ന് അവകാശവാദം; സ്ഥിരീകരണമില്ലാതെ സൗദി അറേബ്യ

ദമാം∙ സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലുള്ള കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യം വെച്ച് തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യമനിലെ ഹൂതി വിമതർ രംഗത്തെത്തി. തങ്ങളുടെ ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടുവെന്നും ഇത് വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നുമാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടത്. എന്നാൽ ഈ വാർത്തയോട് സൗദി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, സൗദി സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലിക്കി നൽകിയ വിവരപ്രകാരം, കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്നുവന്ന ഡ്രോണിനെയും മദീന ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലിനെയും സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് റിപ്പോർട്ട്.




