HEALTH

ജപ്പാൻകാരുടെ ആരോഗ്യരഹസ്യവും ചെറുപ്പത്തിന്റെ കാരണങ്ങളും

പ്രായത്തെ വെല്ലുന്ന യൗവനവും തിളക്കമുള്ള ചർമവും ജപ്പാൻകാരുടെ മാത്രം പ്രത്യേകതയായി ലോകം ഉറ്റുനോക്കാറുണ്ട്. വാർധക്യത്തിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ഇവരുടെ ആരോഗ്യരഹസ്യങ്ങളും സൗന്ദര്യസംരക്ഷണ രീതികളും ഇന്ന് ആഗോളതലത്തിൽ തന്നെ ചർച്ചാവിഷയമാണ്. അസാധാരണമായ ഈ ശാരീരികക്ഷമതയ്ക്കും ചർമകാന്തിക്കും പിന്നിൽ ഒട്ടേറെ ജീവിതശൈലീ ക്രമീകരണങ്ങളുണ്ട്.

ജപ്പാൻകാരുടെ ജീവിതചര്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശാരീരിക സജീവത. വികസിത രാജ്യമാണെങ്കിൽ പോലും, ഗതാഗതത്തിന് വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന് പകരം സൈക്കിൾ സവാരി ശീലമാക്കിയവരാണ് ഇവർ. ചെറിയ ദൂരങ്ങളിലേക്ക് പോലും കാൽനടയായി സഞ്ചരിക്കാൻ ഇവർ മടിക്കാറില്ല. വ്യായാമത്തെ പ്രത്യേകമായി കാണാതെ, ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റുന്നതാണ് ഇവരുടെ ആരോഗ്യത്തിന്റെ അടിത്തറ.

ഭക്ഷണകാര്യത്തിലും ജപ്പാൻകാർ കർശനമായ ചില നിബന്ധനകൾ പാലിക്കുന്നു. ‘വയറിന്റെ 80 ശതമാനം മാത്രം നിറയ്ക്കുക’ എന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഭക്ഷണത്തളികയിൽ പലതരം വിഭവങ്ങൾ ഉൾപ്പെടുത്താൻ ഇവർ ശ്രദ്ധിക്കാറുണ്ട്. സോയാബീൻ അടിസ്ഥാനമാക്കിയുള്ള ‘മീസോ’ പോലുള്ള ഫെർമെന്റഡ് ഭക്ഷണങ്ങൾ ഇവരുടെ ഭക്ഷണക്രമത്തിൽ സ്ഥിരമാണ്. ഇത് പ്രൊബയോട്ടിക്സുകളാൽ സമ്പന്നമായതിനാൽ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

നമ്മുടെ നാട്ടിലെ ഭൂരിഭാഗം പേരും എസി മുറികളിലും ലിഫ്റ്റുകളിലും ഒതുങ്ങിക്കൂടുമ്പോൾ, ജപ്പാനിലെ ഭൂരിപക്ഷം ജനങ്ങളും കോണിപ്പടികൾ ഉപയോഗിക്കാനാണ് താൽപ്പര്യപ്പെടുന്നത്. മസാല കുറഞ്ഞതും എന്നാൽ മത്സ്യവിഭവങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തിയതുമായ ആഹാരരീതിയാണ് ഇവർക്കുള്ളത്. ചോറ് കഴിക്കാറുണ്ടെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവർ ഉപയോഗിക്കാറുള്ളൂ. കൂടാതെ, ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി, വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിനാണ് ഇവർ മുൻഗണന നൽകുന്നത്.

‘മൈൻഡ്ഫുൾ ഈറ്റിംഗ്’ എന്ന ഭക്ഷണരീതി ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ മറ്റൊരു സവിശേഷതയാണ്. ടിവി കണ്ടോ മൊബൈൽ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്ന രീതി അവർക്കില്ല. കഴിക്കുന്ന ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്, വയർ നിറഞ്ഞു എന്ന് തോന്നുമ്പോൾ തന്നെ അവർ ഭക്ഷണം നിർത്തുന്നു. ഈ ശ്രദ്ധാപൂർവമുള്ള ഭക്ഷണശീലം അമിതഭക്ഷണം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സാവധാനം ചവച്ചരച്ച് ആസ്വദിച്ചു കഴിക്കുന്നത് അവരുടെ ചർമത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാകുന്നു.

Life Style ⏭️

Back to top button