സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ അധ്യക്ഷനുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20-ഓടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സമസ്തയുടെ കീഴിലുള്ള വിവിധ മഹല്ലുകളുടെ ഖാസി സ്ഥാനവും സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചിരുന്നു.
കേരളത്തിലെ പ്രശസ്തമായ സയ്യിദ് കുടുംബങ്ങളിൽ ഒന്നായ ബാഫഖി തറവാട്ടിൽ 1938-ലാണ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ജനനം. സയ്യിദ് അഹ്മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായി ജനിച്ച അദ്ദേഹം, തന്റെ ബാല്യകാല വിദ്യാഭ്യാസം കൊയിലാണ്ടിയിലെ വീടിന് സമീപമുള്ള മാപ്പിള സ്കൂളിലാണ് പൂർത്തിയാക്കിയത്. 1950-ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളജിൽ ചേർന്ന അദ്ദേഹം, പിന്നീട് കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ജുമാ മസ്ജിദുകളിൽ നിന്ന് മതപഠനം നടത്തി. തുടർന്ന് 1965-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനത്തിനായി ചേർന്നു. അവിടെ അഞ്ച് വർഷത്തെ പഠനകാലയളവിൽ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ ആദ്യ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.




