ഹാക്കർമാരുടെ സൈബർ ആക്രമണം: യൂറോപ്പിലെ ഫ്രീസറുകൾ തകരാറിലായി, കോടികളുടെ ഭക്ഷ്യനഷ്ടം

ബര്‍ലിന്‍∙ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ട് ആസൂത്രിതമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സ്വീഡനിലെ പ്രശസ്തമായ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ഐസിഎ (ICA), കോപ് (Coop) എന്നിവയുടെ ഔട്ട്‌ലെറ്റുകളിലെ ഫ്രീസറുകളുടെയും റഫ്രിജറേറ്ററുകളുടെയും നിയന്ത്രണം ഹാക്കര്‍മാര്‍ കൈക്കലാക്കി. ഫ്രീസറുകളിലെ താപനില പെട്ടെന്ന് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് കേടായി നശിച്ചത്. സ്വീഡന് പുറമെ ബെല്‍ജിയം, ലക്സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളിലെ വിപണന കേന്ദ്രങ്ങളും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായതായി വിവരങ്ങളുണ്ട്. ഈ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
∙ ബെല്‍ജിയത്തില്‍ 40-ലധികം സൂപ്പര്‍മാര്‍ക്കറ്റുകളെ ബാധിച്ചു
രാത്രിയിലുണ്ടായ സാങ്കേതിക തകരാര്‍ തങ്ങളുടെ ചില ശാഖകളിലെ ശീതീകരണ സംവിധാനങ്ങളെ തകിടം മറിച്ചതായി ഐസിഎ ഗ്രൂപ്പ് വക്താവ് ഗുസ്താഫ് നില്‍സണ്‍ സ്വീഡിഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോപ് ശൃംഖലയുടെ ആറ് ശാഖകളിലാണ് സൈബര്‍ ആക്രമണത്താല്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഇതിനുപുറമെ, ബെല്‍ജിയത്തിലെ നാല്‍പതിലധികം ഡെല്‍ഹൈസ് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളിലും താപനില അസാധാരണമായി ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം ഒരു ‘ഐടി തകരാര്‍’ മാത്രമാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, വിഷയത്തില്‍ ഗൗരവമായ അന്വേഷണം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.




