NEWS

തെരുവുനായ് പരിപാലനം: തീറ്റച്ചെലവ് 33 കോടി; പ്രതിസന്ധിയിലായി തദ്ദേശസ്ഥാപനങ്ങൾ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഓരോ ജില്ലയിലും തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ നിർമിക്കാൻ തീരുമാനിച്ചെങ്കിലും, ഇവയുടെ ദൈനംദിന ഭക്ഷണച്ചെലവ് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആശങ്കയിൽ. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ചർച്ചയിലാണ് ഭാരിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നത്. ഒരു നായയ്ക്ക് ദിവസേന ഭക്ഷണത്തിനായി കുറഞ്ഞത് 50 രൂപയെങ്കിലും ആവശ്യമായി വരുമെന്നാണ് പ്രാഥമിക നിഗമനം. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നാലര ലക്ഷത്തോളം തെരുവുനായ്ക്കളുണ്ട്. ഇതിന്റെ പകുതി നായ്ക്കളെ പിടികൂടി പരിപാലിച്ചാൽ പോലും, പ്രതിദിനം 1.12 കോടി രൂപയും പ്രതിമാസം 33.75 കോടി രൂപയും ചെലവാക്കേണ്ടി വരും. ഇത്രയും ഭീമമായ തുക പല തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് വലിയൊരു വെല്ലുവിളി.

അതേസമയം, റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ റെയിൽവേ അധികൃതർ പുലർത്തുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) രൂക്ഷമായി വിമർശിച്ചു. സ്റ്റേഷനുകളിലെ തെരുവുനായ ശല്യം അടിയന്തരമായി നിയന്ത്രിക്കണമെന്ന് പിഎസി ചെയർമാൻ കെ.സി. വേണുഗോപാൽ എംപി നിർദേശിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മുൻപ് നൽകിയ നിർദേശങ്ങൾ പാലിക്കാൻ റെയിൽവേ തയാറായില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഭൂരിഭാഗം സ്റ്റേഷനുകളിലും ശുചിമുറി സൗകര്യങ്ങൾ അപര്യാപ്തമാണ്. പ്രമുഖ സ്റ്റേഷനുകളിൽ പോലും വിശ്രമമുറികളും പ്ലാറ്റ്‌ഫോം മേൽക്കൂരകളും അപര്യാപ്തമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. പാസഞ്ചർ അമിനിറ്റി ഗ്രാന്റിൽ അനുവദിച്ച ഫണ്ടിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 11,478 കോടി രൂപ ചെലവഴിക്കാൻ റെയിൽവേക്കായില്ല. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 6,000 കോടി രൂപയാണ് ഇത്തരത്തിൽ ഉപയോഗിക്കാതെ കിടക്കുന്നത്.

Fashion ⏭️

Back to top button