എനിക്ക് അസുഖമുണ്ട്, പക്ഷേ അത് വലിയൊരു കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല

നേരത്തെ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ഉണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഈ നിരയിലേക്ക് ഇപ്പോൾ താനുമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രമുഖ നടി പാർവതി തിരുവോത്ത്. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
മുൻകാലങ്ങളിൽ വർഷത്തിൽ വളരെ കുറച്ചുദിവസങ്ങൾ മാത്രമെ തനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് പാർവതി ഓർക്കുന്നു. എന്നാൽ സ്വയം പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള കഠിനാധ്വാനം ഇന്ന് തനിക്ക് വലിയൊരു മാറ്റം സമ്മാനിച്ചുവെന്ന് അവർ പറയുന്നു. മുൻപെങ്ങുമില്ലാത്ത വിധം പുതിയ ഊർജ്ജത്തോടെ മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാർവതി വ്യക്തമാക്കി.
കഴിഞ്ഞ കുറെ വർഷങ്ങളായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിരുന്നത്. 2022-ൽ ‘പുഴു’, ‘വണ്ടർ വിമൻ’ എന്നീ ചിത്രങ്ങളിൽ മാത്രമേ താരം എത്തിയുള്ളൂ. തൊട്ടടുത്ത വർഷം ‘കദക് സിങ്’ എന്ന ഹിന്ദി ചിത്രത്തിൽ മാത്രമാണ് വേഷമിട്ടത്. എന്നാൽ 2024-ൽ ‘ഉള്ളൊഴുക്ക്’, ‘തങ്കലാൻ’, ‘ഹെർ’ എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. 2025-ൽ ഇതിനോടകം അഞ്ച് ചിത്രങ്ങളിൽ അവർ അഭിനയിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ കാലഘട്ടത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടപ്പോൾ പാർവതി അത് പൂർണ്ണമായും ശരിവെച്ചു. 2023-ൽ ‘തങ്കലാൻ’ ചിത്രത്തിനായി 75 ദിവസം മാത്രമാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ അതിനുശേഷം തന്നിൽ വലിയൊരു മാറ്റം സംഭവിച്ചതായി താരം ചൂണ്ടിക്കാട്ടുന്നു.
തന്റെ ജീവിതത്തിലെ ആ നിർണ്ണായക തീരുമാനത്തെക്കുറിച്ച് പാർവതി പറയുന്നത് ഇങ്ങനെയാണ്: ”അടുത്ത മൂന്ന് വർഷം മുൻപെങ്ങുമില്ലാത്ത വിധം കഠിനാധ്വാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. പരാജയപ്പെട്ടാലും അത് ഗംഭീരമായിത്തന്നെയാകട്ടെ. പരാജയപ്പെടാൻ നിങ്ങൾക്ക് അവകാശമുണ്ട്. ചിലപ്പോൾ പൂർണ്ണമായും തകർന്നുപോയേക്കാം, എന്നാൽ ആ തകർച്ചയിൽ നിന്ന് പുതിയൊരു വ്യക്തിയായി ഉയിർത്തെഴുന്നേൽക്കാൻ സാധിക്കും. എന്തായാലും മുന്നോട്ട് കുതിക്കുക. പുറംലോകത്തുനിന്ന് പ്രചോദനം തേടി മടുത്തതുകൊണ്ടാണ് ഞാൻ സ്വയം കർമ്മനിരതയാകാൻ തീരുമാനിച്ചത്. പ്രപഞ്ചം എന്റെ ആഗ്രഹങ്ങളെ തിരിച്ചറിയുകയും മികച്ച അവസരങ്ങൾ എനിക്ക് നൽകുകയും ചെയ്തു.”
തിരഞ്ഞെടുത്ത സിനിമകൾ തനിക്ക് ഏറെ താൽപ്പര്യമുള്ളവയാണെന്ന് പറയുന്ന താരം, തന്റെ അവസ്ഥയെക്കുറിച്ച് ഇപ്രകാരം കൂട്ടിച്ചേർത്തു: ”എനിക്ക് എഡിഎച്ച്ഡി ഉണ്ട്, പക്ഷേ അതൊരു വലിയ പ്രശ്നമായി കാണാൻ എനിക്ക് താല്പര്യമില്ല. എനിക്ക് സമയം എന്നത് റബ്ബർ പോലെ വലിച്ചുനീട്ടാവുന്ന ഒന്നാണ്. ഞാൻ കൃത്യമായി ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തുകൊണ്ട് തന്നെയാണ് തന്റെ ജോലികളിൽ വ്യാപൃതയാകുന്നത്.”




