BUSINESS

ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാൻ ആർബിഐ: തട്ടിപ്പ് തടയാൻ ‘സ്റ്റോപ് സ്വിച്ച്’, വലിയ തുക കൈമാറാൻ ‘ട്രസ്റ്റഡ് പേഴ്സൺ’ സൗകര്യം

ന്യൂഡൽഹി∙ ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ നിർണായക ചുവടുവെപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്നത് തൽക്ഷണം തടയാൻ സഹായിക്കുന്ന ‘സ്റ്റോപ് സ്വിച്ച്’ സംവിധാനം മുതൽ, വലിയ തുകകളുടെ കൈമാറ്റത്തിന് വിശ്വസ്തരായ വ്യക്തികളുടെ അംഗീകാരം നിർബന്ധമാക്കുന്ന രീതി വരെ പുതിയ കരട് നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണാധികാരവും ഉറപ്പാക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. 2027 ജൂലൈ ഒന്നുമുതൽ ഈ പരിഷ്കാരങ്ങൾ നിലവിൽ വരും.

സ്റ്റോപ് സ്വിച്ച്: അക്കൗണ്ടിൽ നിന്ന് പണം അന്യായമായി പിൻവലിക്കപ്പെടുന്നതായി സംശയം തോന്നിയാൽ, എല്ലാ ഡിജിറ്റൽ ഇടപാടുകളും അപ്പപ്പോൾ തന്നെ മരവിപ്പിക്കാൻ ഉടമയെ അനുവദിക്കുന്ന സംവിധാനമാണിത്. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള വായ്പാ തിരിച്ചടവുകൾ, ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ എന്നിവ തടസ്സമില്ലാതെ തുടരും. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും തടസ്സമുണ്ടാകില്ല.

ട്രസ്റ്റഡ് പഴ്സൻ മെക്കാനിസം: നിശ്ചിത പരിധിയിൽ കൂടുതൽ തുക കൈമാറുന്ന വേളകളിൽ അധിക സുരക്ഷ ഉറപ്പാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഉപഭോക്താവിന് താൻ വിശ്വസിക്കുന്ന ഒരാളെ ബാങ്കിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കും. നിശ്ചിത തുകയ്ക്കു മുകളിൽ ഇടപാട് നടത്തുമ്പോൾ ഈ വ്യക്തിയുടെ അനുമതി കൂടി ആവശ്യമായി വരും. മുതിർന്ന പൗരന്മാർക്ക് ഈ സൗകര്യം ഏറെ ഗുണകരമാകും. ഉദാഹരണത്തിന്, 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് മകന്റെ അനുമതി വേണമെന്ന് ക്രമീകരിച്ചാൽ, അത്തരമൊരു ഇടപാട് നടക്കുമ്പോൾ മകന് ബാങ്കിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഇതിൽ മറുപടി നൽകണം, അല്ലാത്തപക്ഷം ഇടപാട് റദ്ദാക്കപ്പെടും. യുപിഐ, മർച്ചന്റ് പേയ്‌മെന്റുകൾ, ഓട്ടോപേയ്‌മെന്റുകൾ എന്നിവയ്ക്ക് ഇത് ബാധകമല്ല. അതേസമയം, റജിസ്റ്റർ ചെയ്യപ്പെടുന്ന വ്യക്തിക്ക് അക്കൗണ്ടിന്റെ ബാലൻസ് അറിയാനോ മറ്റോ യാതൊരു അധികാരവും ഉണ്ടായിരിക്കില്ല.

ഇടപാട് പരിധി: ഒരൊറ്റ ഇടപാടിൽ കൈമാറാവുന്ന തുക, ഒരു ദിവസത്തെ ആകെ ഇടപാട് പരിധി, ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് അയയ്ക്കാവുന്ന തുക എന്നിവയെല്ലാം ഉപഭോക്താവിന് സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രിക്കാം. ആവശ്യമില്ലാത്ത പേയ്മെന്റ് മാർഗങ്ങൾ എപ്പോൾ വേണമെങ്കിലും ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.

ഡിജിറ്റൽ ഇടപാടുകൾ ആദ്യം ഓഫ്: പുതിയ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ അവയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെല്ലാം തുടക്കത്തിൽ പ്രവർത്തനരഹിതമായിരിക്കും. ഉപഭോക്താവിന്റെ വ്യക്തമായ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇവ ആക്റ്റിവേറ്റ് ചെയ്യൂ. പുതിയ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയ്ക്കുള്ളിലെ എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മാത്രമായിരിക്കും ആദ്യം പ്രവർത്തിക്കുക. ഓൺലൈൻ ഇടപാടുകൾക്കോ വിദേശ ഇടപാടുകൾക്കോ ഉപഭോക്താവ് പ്രത്യേകം അപേക്ഷ നൽകണം. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ആരംഭിച്ച് ആദ്യത്തെ 24 മണിക്കൂറിൽ കൈമാറാവുന്ന തുകയ്ക്ക് ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തണം.

ബാങ്കുകളുടെ ഉത്തരവാദിത്തം: ഓൺലൈൻ തട്ടിപ്പുകളിൽ ബാങ്കുകൾക്കുള്ള ബാധ്യത ആർബിഐ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. തുടർച്ചയായി തെറ്റായ ലോഗിൻ ശ്രമങ്ങൾ നടന്നിട്ടും ബാങ്ക് നടപടി സ്വീകരിക്കാതിരിക്കുകയും തട്ടിപ്പ് സംഭവിക്കുകയും ചെയ്താൽ അത് ബാങ്കിന്റെ വീഴ്ചയായി കണക്കാക്കും. സ്റ്റോപ് സ്വിച്ച് പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാതിരിക്കുന്നതും വീഴ്ചയുടെ പരിധിയിൽ വരും. ബാങ്ക് ജീവനക്കാരുടെയോ മൂന്നാം കക്ഷികളുടെയോ ഒത്തുകളി വഴി പണം നഷ്ടപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബാങ്കിനായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നും നഷ്ടം ബാങ്ക് തന്നെ നികത്തണമെന്നും ആർബിഐ വ്യക്തമാക്കുന്നു.

Travel ⏭️

Back to top button