HEALTH

സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം: മുന്നറിയിപ്പുമായി ഡോ. മനോജ്

നിറം വർദ്ധിപ്പിക്കാനായി ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നവർ അംഗീകൃതവും ലൈസൻസുള്ളതുമായ ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും, സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിച്ചുള്ള ഇത്തരം പ്രവൃത്തികൾ അവസാനം വൃക്ക മാറ്റിവയ്ക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കുടുംബത്തെ എത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ന്യൂറോ സർജനായ ഡോ. മനോജ് വെള്ളാട് മുന്നറിയിപ്പ് നൽകുന്നു. ചർമ്മത്തിന്റെ നിറം കൂട്ടാൻ എന്ന പേരിൽ വിപണിയിലെത്തുന്ന പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും, പ്രത്യേകിച്ച് ഫെയർനെസ് ക്രീമുകളിൽ, നിയമവിരുദ്ധമായി മെർക്കുറി അഥവാ രസം ചേർക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും വിപണനം ചെയ്യുന്ന, യാതൊരുവിധ ലേബലുകളുമില്ലാത്തതും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അമിത വെളുപ്പ് വാഗ്ദാനം ചെയ്യുന്നതുമായ പ്രാദേശിക ക്രീമുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ശക്തമായി നിർദ്ദേശിക്കുന്നു.

മെർക്കുറി എങ്ങനെയാണ് വെളുപ്പിക്കുന്നത്?
ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ ഉത്പാദനത്തെ നിയന്ത്രിച്ചാണ് മെർക്കുറി പ്രവർത്തിക്കുന്നത്. മെർക്കുറി ചേർന്ന ക്രീമുകൾ ചർമ്മത്തിൽ പുരട്ടുമ്പോൾ, അവ സുഷിരങ്ങളിലൂടെയും വിയർപ്പ് ഗ്രന്ഥികളിലൂടെയും ആഗിരണം ചെയ്യപ്പെടുകയും രക്തധമനികളിലെത്തി ശരീരത്തിലുടനീളം വ്യാപിക്കുകയും ചെയ്യുന്നു. മെലാനിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ടൈറോസിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണ് മെർക്കുറിയുടെ രീതി. ഇതിലൂടെ മെലാനിൻ ഉത്പാദനം നിലയ്ക്കുകയും വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചർമ്മം വിളറി വെളുത്തതായി മാറുകയും ചെയ്യുന്നു. കരിമംഗല്യവും കറുത്ത പാടുകളും പെട്ടെന്ന് ഇല്ലാതാകുന്നതായി തോന്നുമെങ്കിലും, ഇത് ചർമ്മത്തിന് യഥാർത്ഥ ഗുണമൊന്നും നൽകുന്നില്ല, മറിച്ച് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ തകർക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ പെട്ടെന്നുള്ള ഫലം നൽകുന്നതുകൊണ്ടാണ് വ്യാജ നിർമ്മാതാക്കൾ നിയമങ്ങൾ കാറ്റിൽ പറത്തി ക്രീമുകളിൽ മെർക്കുറി ഉപയോഗിക്കുന്നത്.

വൃക്കകളെ എങ്ങനെ ബാധിക്കുന്നു?
രക്തത്തിൽ കലരുന്ന മെർക്കുറി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്ന വൃക്കകളിൽ അമിതമായി അടിഞ്ഞുകൂടുന്നു. ഇത് രണ്ട് രീതിയിലാണ് വൃക്കകളെ തകരാറിലാക്കുന്നത്. ആദ്യത്തേത് മെർക്കുറി അയോണുകൾ വൃക്കയിലെ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നതാണ്. രണ്ടാമത്തേത് പ്രതിരോധ സംവിധാനത്തിന്റെ തകരാറാണ്. ശരീരത്തിലെ പ്രോട്ടീനുമായി മെർക്കുറി കൂടിച്ചേരുമ്പോൾ, രോഗപ്രതിരോധ സംവിധാനം അതിനെ ഒരു ശത്രുവായി കരുതി ആക്രമിക്കാൻ തുടങ്ങുന്നു. ഇതിന്റെ ഫലമായി ഉണ്ടാവുന്ന ആന്റിബോഡികൾ വൃക്കകളിലെ അരിപ്പകളിൽ അടിഞ്ഞ് വീക്കം ഉണ്ടാകുന്നു. ‘മിനിമൽ ചേഞ്ച് ഡിസീസ്’ അല്ലെങ്കിൽ ‘മെമ്പ്രേനസ് നെഫ്രോപ്പതി’ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ മൂലം മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടുന്ന ‘നെഫ്രോട്ടിക് സിൻഡ്രോം’ എന്ന ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു.

അപകടകരമായ പേരുകൾ ശ്രദ്ധിക്കുക
‘ഇൻസ്റ്റന്റ് ഫെയർനെസ്’ എന്ന ലേബലിൽ എത്തുന്ന ഉൽപ്പന്നങ്ങളോട് അതീവ ജാഗ്രത പുലർത്തുക. വാങ്ങുന്നതിന് മുൻപ് ചേരുവകൾ (Ingredients) പരിശോധിക്കാൻ മറക്കരുത്. പാക്കറ്റിന് പുറത്ത് Mercurous chloride, Mercuric, Calomel, Mercurio, അല്ലെങ്കിൽ Mercury എന്നീ വാക്കുകൾ ഉണ്ടെങ്കിൽ ആ ഉൽപ്പന്നം തീർത്തും ഒഴിവാക്കുക. എന്നാൽ പല വ്യാജ ഉൽപ്പന്നങ്ങളും ചേരുവകൾ രേഖപ്പെടുത്താറില്ല എന്നതും ഓർക്കുക. അംഗീകൃത കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. ചർമ്മ പ്രശ്നങ്ങൾക്ക് സ്വയം ചികിത്സ ചെയ്യുന്നതിന് പകരം ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.

വൃക്കരോഗ ലക്ഷണങ്ങൾ
ഏതെങ്കിലും ക്രീം ഉപയോഗിക്കുമ്പോൾ രാവിലെ ഉണരുമ്പോൾ കൺപോളകൾക്ക് ചുറ്റും വീക്കം, കാലുകളിലും പാദങ്ങളിലും നീര്, അകാരണമായ ക്ഷീണം, മൂത്രത്തിൽ അമിതമായ പത, വിശപ്പില്ലായ്മ, ശരീരഭാരം അമിതമായി കൂടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഉപയോഗം നിർത്തി വൈദ്യസഹായം തേടണം. മെർക്കുറി കാരണം വൃക്കകൾക്ക് തകരാർ സംഭവിച്ചാലും, പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് കണ്ടെത്തി ക്രീം ഉപയോഗം നിർത്തി ചികിത്സ തേടിയാൽ മിക്കവാറും പേർക്ക് രോഗം പൂർണ്ണമായി ഭേദമാക്കാൻ സാധിക്കാറുണ്ട്.

Life Style ⏭️

Back to top button