HEALTH
കണ്ണ് ഹൃദയത്തിന്റെ കണ്ണാടി; റെറ്റിനയിലെ മാറ്റം നമ്മോട് പറയുന്ന രഹസ്യങ്ങൾ | The eyes will tell the secrets of the heart

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് ഒരു ചൊല്ലുണ്ട്. എന്നാൽ, കണ്ണ് ഹൃദയത്തിന്റെ കണ്ണാടിയാണെന്ന് പറയാവുന്ന ചില കണ്ടെത്തലുകളിലേക്കാണ് ആധുനിക സാങ്കേതികവിദ്യ വഴി ലഭിക്കുന്ന വിവരങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. കണ്ണിന്റെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിൽ അഭേദ്യമായ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഹൃദയത്തിന് പിന്നീടുണ്ടായേക്കാവുന്ന ചില രോഗങ്ങൾ റെറ്റിന പരിശോധനയിലൂടെ കണ്ടുപിടിക്കാനാകുമെന്നും പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കണ്ണിലേക്ക് പ്രകാശം കടത്തിവിട്ട് റെറ്റിനയിൽനിന്ന് പ്രതിഫലിച്ചെത്തുന്ന പ്രകാശത്തിലൂടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച വിവരങ്ങൾ കണ്ടെത്താനാകും. ഇത് സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ‘ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി’ (ഒ.സി.ടി). ഇതുവഴി ഡോക്ടർമാർക്ക് റെറ്റിനയുടെ ഓരോ പാളിയും വ്യക്തതയോടെ പരിശോധിക്കാൻ സാധിക്കുന്നു. എന്നാൽ, കണ്ണിന് അപ്പുറമുള്ള രോഗങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകാൻ ഈ സ്കാനുകൾക്ക് കഴിയുമോ എന്ന നിരീക്ഷങ്ങളിലാണ് ഗവേഷകർ. റെറ്റിനയുടെ രക്തക്കുഴലുകൾ ശരീരത്തിലെ പൊതുവായ രക്തയോട്ട വ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ കണ്ണിൽ കാണപ്പെടുന്ന മാറ്റങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ മാറ്റങ്ങളെ പ്രതിഫലിപ്പിച്ചേക്കാം. ഹൃദയത്തിന്റെ അറകളിലെ പ്രവർത്തനങ്ങൾ താളംതെറ്റുകയും ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുകയും ചെയ്യുമ്പോഴാണ് ഏട്രിയൽ ഫിബ്രിലേഷൻ ഉണ്ടാകുന്നത്. ചിലർക്ക് നെഞ്ചിടിപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടാമെങ്കിലും ചിലരിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാകില്ല. ഈ അവസ്ഥ പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പ് ഇടക്കിടെ മാത്രം വരുന്നതായതിനാൽ പരിശോധനയിൽ കണ്ടെത്താൻ പ്രയാസമാണ്. ഇതാണ് റെറ്റിന പരിശോധനയെ പ്രസക്തമാക്കുന്നത്. റെറ്റിനയുടെ സ്കാൻ വഴി ഒരാളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഗുണം. ഹൃദ്രോഗങ്ങളുമായി റെറ്റിനയിലെ രക്തക്കുഴലുകളുടെ പ്രത്യേകതകൾക്ക് ബന്ധമുണ്ടെന്ന് ഇതിനകം തന്നെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനൽ ഇമേജിങ് വഴി ഹൃദയസംബന്ധമായ രോഗസാധ്യതയുള്ളവരെ മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞാൽ, മറ്റ് ആവശ്യങ്ങൾക്കായി എടുത്ത സ്കാനുകളിലൂടെ ആർക്കാണ് കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് ഡോക്ടർമാർക്ക് തീരുമാനിക്കാൻ കഴിയും. എന്തായാലും കണ്ണ് പരിശോധന, കാഴ്ചയുടെ ആരോഗ്യം മാത്രമല്ല വെളിപ്പെടുത്തുന്നത് എന്ന് ഈ പഠനങ്ങൾ ഓർമിപ്പിക്കുന്നു.
Life Style ⏭️




