NEWS

‘എതിർത്തത് പിണറായിയുടെ നിഷേധ സമീപനത്തെ; എൽഡിഎഫ് കൺവീനർ പറഞ്ഞത് കടകവിരുദ്ധം’


തിരുവനന്തപുരം∙ പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന് സിപിഐ ആവശ്യമുന്നയിക്കുന്നതിൽ ന്യായമുണ്ടെന്നു തോന്നുന്നത് കൊണ്ടാണ് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ അതു തള്ളിക്കളയാതെ ചർച്ച ചെയ്തു പരിഹരിക്കാമെന്ന് പറഞ്ഞതെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. സിപിഐയെ അധിക്ഷേപിക്കുന്ന തരത്തിൽ സിപിഎം മുഖപത്രത്തിൽ ലേഖനം വരുന്നത് അകൽച്ച വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും സി.ദിവാകരൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനു എതിരെയാണ് വിമർശനം എന്ന വ്യാഖ്യാനം വേണ്ടെന്നും രാഷ്ട്രീയ വിഷയമാണ് ഉന്നയിക്കുന്നതെന്നും സി.ദിവാകരൻ പറഞ്ഞു. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ എന്തു വേണമെന്ന് ആ ഘട്ടത്തിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം എന്നതു സിപിഐ കൂടിയാണ്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് ഞങ്ങളും കൂടി ചേർന്നാണ്. പ്രമുഖ ഘടകകക്ഷിയായ സിപിഐയോട് ഇങ്ങനെയുള്ള സമീപനമാണോ വേണ്ടെതെന്നു പിണറായി വിജയനാണ് ആലോചിക്കേണ്ടതെന്നും സി.ദിവാകരൻ പറഞ്ഞു.‘എൽഡിഎഫിന്റെ രണ്ടു ഘടകകക്ഷികൾ തമ്മിലുള്ള രാഷ്ട്രീയമായ അഭിപ്രായങ്ങളാണ് കൈമാറുന്നത്. അതിൽ വ്യക്തികൾക്കു ഒരു കാര്യവുമില്ല. പിണറായി ഉൾപ്പെടെ ആർക്കെങ്കിലും എതിരായി അതിനെ കാണേണ്ടതില്ല. ചർച്ചകളുടെ വാതിൽ അടയ്ക്കുന്ന തരത്തിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടിന് എതിരായാണു പറയേണ്ടിവന്നത്. പത്തു വർഷം പിണറായിയെ മുഖ്യമന്ത്രിയായി സിപിഐ അംഗീകരിച്ചില്ലേ. ഒരു തരത്തിലുള്ള അപശബ്ദവും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവായി അദ്ദേഹം വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ എന്തും ചെയ്യാമെന്നു കരുതരുത്.


Fashion ⏭️

Back to top button