HEALTH

ഡെങ്കിയേക്കാൾ വില്ലൻ വ്യാജ കൊതുക് തിരികൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധർ


പ്രതീകാത്മക ചിത്രം

പല വീടുകളിലെയും പ്രധാന ശല്യക്കാരാണ് കൊതുകുകൾ. മലേറിയ, ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പരത്തുന്നതിനാൽ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കുന്നത് കൊതുക്‌ തിരികളാണ്. വിപണിയിൽ നിന്ന് പലനിറത്തിലും മണത്തിലുമുള്ള വ്യാജ കൊതുക് തിരികൾ വാങ്ങാറുണ്ട്. എന്നാൽ ഇത്തരം വ്യാജ കൊതുക് തിരികൾ ഡെങ്കിയേക്കാൾ മാരകമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഡോക്ടർ‌മാർ.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന ബഹുഭൂരിപക്ഷം കൊതുക് തിരികളും യാതൊരുവിധ സർക്കാർ അനുമതിയോ സെൻട്രൽ ഇൻസെക്റ്രിസൈഡ്സ് രജിസ്ട്രേഷനോ ഇല്ലാത്തവയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളേക്കാൾ വേഗത്തിൽ ഇവ മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇതിൽ നിന്നുള്ള പുക ശ്വസിക്കുന്നത് സിഗരറ്റ് പുക ശ്വസിക്കുന്നതിന് തുല്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം നിയമവിരുദ്ധ ഉൽപ്പന്നങ്ങളിൽ പൈറെത്രോയിഡുകൾ, ഓർഗാനോഫോസ്ഫേറ്റുകൾ, ഹെവി മെറ്റലുകൾ തുടങ്ങീ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് തുടർച്ചയായി ശ്വസിക്കുന്നത് ചുമ, ശ്വാസംമുട്ടൽ, മറ്റ് അലർജി പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. പ്രായമായർ, കുട്ടികൾ, ആസ്ത്മ അല്ലെങ്കിൽ സിഒപിഡി രോഗബാധിച്ചവർ എന്നിവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.

വിപണിയിൽ സുലഭമായി ലഭിക്കുന്ന ഹെർബൽ ഉൾപ്പെടെയുള്ള പല ബ്രാൻഡുകളും സുരക്ഷിതമല്ല. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും പാക്കറ്റിൽ കൃത്യമായി സിഐആർ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയിട്ടുള്ള സുരക്ഷിതമായ കൊതുക് തിരികൾ മാത്രം തെരഞ്ഞെടുക്കണമെന്നുമാണ് വിദഗ്ധ‌രുടെ മുന്നറിയിപ്പ്.

English Summary

Doctors warn that most mosquito coils sold in India are fake, lacking government approval or Central Insecticides Registration. Studies indicate these coils contain hazardous chemicals, causing severe respiratory diseases faster than dengue, with their smoke comparable to cigarette smoke. Experts advise consumers to purchase only mosquito coils clearly displaying CIR registration numbers.


Travel ⏭️

Back to top button