test del 2
H-1B വിസയ്ക്ക് 3 വർഷം വിലക്കോ? നിയമനിർമാണത്തിന് US, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടിയാകും

വാഷിങ്ടൺ: യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ അവതരിപ്പിച്ച ബിൽ, നിലവിലെ വിസാ സമ്പ്രദായം പൂർണമായും പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. വൻകിട കോർപ്പറേറ്റുകളുടെ ലാഭത്തിനല്ല, മറിച്ച് കഠിനാധ്വാനം ചെയ്യുന്ന യു.എസ്. പൗരന്മാർക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിൻ പറഞ്ഞു.ബ്രാൻഡൻ ഗിൽ, പോൾ ഗോസർ, ആൻഡി ഓഗിൾസ് തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളുടെ പിന്തുണ ബില്ലിനുണ്ട്. നിലവിൽ പ്രതിവർഷം അനുവദിക്കുന്ന 65,000 വിസകളുടെ എണ്ണം 25,000 ആയി കുറയ്ക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം. നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുന്ന രീതി കൊണ്ടുവരണമെന്നും കുറഞ്ഞ ശമ്പളം പ്രതിവർഷം 2,00,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ആയി നിശ്ചയിക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു.ഒരു ജോലിചെയ്യാൻ യോഗ്യനായ അമേരിക്കൻ തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്നും, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി സ്വദേശീയരായ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. എച്ച്-1 ബി വിസയുള്ളവർ ഒന്നിലധികം ജോലികൾ ചെയ്യുന്നതും തേർഡ് പാർട്ടി ഏജൻസികൾവഴി വിദേശികളെ നിയമിക്കുന്നതും നിരോധിക്കണമെന്നും നിയമം നിർദേശിക്കുന്നു.വിസയുള്ളവർക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും ഗ്രീൻ കാർഡ് അഥവാ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്താൻ ബിൽ ശുപാർശചെയ്യുന്നുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് ജോലിപരിചയം നേടാൻ സഹായിക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം നിർത്തലാക്കാനും നിർദേശമുണ്ട്. യു.എസ്. തൊഴിലാളികൾക്ക് പകരം കുറഞ്ഞ കൂലിക്ക് വിദേശികളെ വയ്ക്കുന്ന രീതി അവസാനിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു.
Source link


