‘പവർകട്ട് എന്ന് കേട്ടിട്ട് എത്രകാലമായി, അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ?’; ശിവൻകുട്ടിയുടെ പോസ്റ്റ് കുത്തിപ്പൊക്കി ബൽറാം

പാലക്കാട്: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി കോൺഗ്രസ് നേതാവ് വിടി ബൽറാം. മന്ത്രി വി ശിവൻകുട്ടി 2024 ഏപ്രിൽ മാസത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച ‘ഒരു ചോദ്യം..ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്രകാലമായി?’ എന്ന പോസ്റ്റാണ് വിടി ബൽറാം കുത്തിപ്പൊക്കി പരിഹസിച്ചത്. തൃത്താലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ വിടി ബൽറാം പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ എന്ന് ചോദിച്ചാണ് ബൽറാം പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം പരിധിവിട്ടിരുന്നു. പ്രതിദിന ഉപഭോഗം 116.11 ദശലക്ഷം യൂണിറ്റായി ഉയർന്നിരുന്നു. എസി, ഫാൻ എന്നിവയ്ക്ക് വിശ്രമം നൽകാത്തതും പാചകവാതകക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കുന്നതുമാണ് വൈദ്യുതി ഉപഭോഗം കുത്തനേ കൂട്ടിയത്.
Source link


