HEALTH

വ്യാജ ഫെയർനെസ് ക്രീമുകൾ: ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക ഉൽപന്നങ്ങളും പ്രോട്ടീൻ പൗഡറുകളും വിപണിയിൽ വ്യാപകമായതോടെ, ഇവ തടയുന്നതിനായി സംസ്ഥാനതലത്തിൽ കർശന പരിശോധനകൾക്ക് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നു. ‘ഓപറേഷൻ സൗന്ദര്യ’ എന്ന പേരിൽ എല്ലാ ജില്ലകളിലും മിന്നൽ പരിശോധനകൾ നടത്താൻ ഡ്രഗ്സ് കൺട്രോളർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന ഇൻഫ്ലുവൻസർമാർക്കും വ്ലോഗർമാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മലപ്പുറത്ത് സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് ഇത്തരം ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത് പതിവായ സാഹചര്യത്തിൽ, വിൽപന നടത്തുന്ന വ്യക്തികളെയും ഓൺലൈൻ പേജുകളെയും നിരീക്ഷണവലയത്തിൽ കൊണ്ടുവരും.

പ്രാഥമിക അന്വേഷണത്തിൽ പാകിസ്താനിൽ നിർമിച്ച ഉൽപന്നങ്ങളാണ് വിപണിയിൽ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലതിലും നിർമാതാവിന്റെ പേരോ, കാലാവധി സംബന്ധിച്ച വിവരങ്ങളോ, ചേരുവകളോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കാസർകോട്, മംഗളൂരു വഴിയാണ് ഈ വ്യാജ ഉൽപന്നങ്ങൾ കേരളത്തിലേക്ക് എത്തുന്നത്. മലപ്പുറത്തെ സംഭവത്തിനുശേഷം തുടങ്ങിയ പരിശോധനകൾ ഇപ്പോൾ സംസ്ഥാനത്തുടനീളം കൂടുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഉൽപന്നങ്ങളുടെ നിയമസാധുത, ചേരുവകൾ, നിർമാണ വിവരങ്ങൾ എന്നിവ പരിശോധിക്കപ്പെടും. അതോടൊപ്പം, നിറം വർധിപ്പിക്കാമെന്നും സൗന്ദര്യം കൂട്ടുുമെന്നും വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളും കർശന നിരീക്ഷണത്തിലായിരിക്കും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Life Style ⏭️

Back to top button