HEALTH

നിറം വെളുപ്പിക്കാൻ കെമിക്കലുകൾ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

സമൂഹത്തിൽ നിലനിൽക്കുന്ന വർണ്ണവിവേചനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയർനെസ് ക്രീമുകൾക്ക് വലിയ വിപണി ലഭിക്കുന്നത്. പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ വെളുത്ത നിറം ലഭിക്കാൻ ക്രീമുകൾ വാങ്ങുന്നവർ ഇന്ന് നമ്മുടെ ഇടയിൽ നിരവധിയാണ്. പെട്ടെന്ന് നിറം മാറാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. എന്നാൽ, ഈ ക്രീമുകളിൽ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. അതീവ മാരകമായ മെർക്കുറി പോലുള്ള ലോഹങ്ങൾ ഇത്തരം സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

ഫെയർനെസ് ക്രീമുകളിലെ വെളുപ്പിക്കുന്ന ഘടകമായി ചേർക്കുന്ന മെർക്കുറി ശരീരത്തിന് വലിയ ദോഷം ചെയ്യുമെന്ന് നെഫ്രോളജിസ്റ്റ് ഡോ. അരുൺ തോമസ് മുന്നറിയിപ്പ് നൽകുന്നു. ഇത് വൃക്കകളിലെ ഫിൽറ്ററുകളെ തകർക്കുകയും നെഫ്രോട്ടിക് സിൻഡ്രോം പോലുള്ള ഗുരുതര വൃക്കരോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. നിറം കറുപ്പാണെന്നത് ഒരിക്കലും ഒരു പോരായ്മയല്ല, വെളുപ്പ് ഒരു സൗന്ദര്യ സങ്കൽപ്പവുമല്ല. നിങ്ങളിൽ അപകർഷതാബോധം കുത്തിനിറച്ച്, വിഷം വിൽക്കുന്ന സൗന്ദര്യ വിപണിയുടെ ചതിക്കുഴികൾ തിരിച്ചറിയുക. സൗന്ദര്യത്തിന് വേണ്ടി വൃക്കകളെ അപകടത്തിലാക്കരുതെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനം കുറച്ച് വേഗത്തിൽ നിറം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല ക്രീമുകളിലും മെർക്കുറി പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത്. സ്വർണ്ണത്തിന്റെ നിറം പോലും മാറ്റാൻ കഴിവുള്ള മെർക്കുറിയുടെ സാന്നിധ്യം മിക്ക ഉൽപ്പന്നങ്ങളുടെയും ലേബലുകളിൽ രേഖപ്പെടുത്താറില്ല എന്നതാണ് മറ്റൊരു വലിയ ഭീഷണി. ഇത് ഉപഭോക്താക്കളെ വലിയ ചതിയിൽപ്പെടുത്തുന്നു.

മെലാനിന്റെ സ്വാഭാവിക ഉൽപ്പാദനം തടസ്സപ്പെടുത്തി കൃത്രിമമായ വെളുപ്പ് നിറം സൃഷ്ടിക്കുകയാണ് മെർക്കുറി ചെയ്യുന്നത്. ഈ വിഷാംശം രക്തത്തെ ശുദ്ധീകരിക്കുന്ന വൃക്കകളിലെ ഫിൽറ്ററുകളെ അപ്പാടെ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും രക്തത്തിലെ ആൽബുമിൻ കുറയുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുക മാത്രമല്ല, രോഗപ്രതിരോധ വ്യവസ്ഥയെ തകിടം മറിക്കുകയും വിവിധ തരം ഓട്ടോഇമ്യൂൺ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.

Life Style ⏭️

Back to top button