NEWS

ജിടിഎ 6ലെ സ്ത്രീവിരുദ്ധത: പാർവതി തിരുവോത്തിന്റെ വിമർശനം

വിനോദമേഖലയിലും വിഡിയോ ഗെയിമുകളിലും സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയിലുള്ള ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. ഏറെ ചർച്ചയാകുന്ന ‘ജിടിഎ 6’ എന്ന വിഡിയോ ഗെയിമിനെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിസാരവൽക്കരിക്കപ്പെടുകയും അത്തരം ദൃശ്യങ്ങൾ സാധാരണമാവുകയും ചെയ്യുമ്പോൾ, സ്ത്രീകൾക്ക് അർഹമായ പരിഗണനയും തുല്യതയും ലഭിക്കുന്ന സന്ദർഭങ്ങളെ ‘ഫെമിനിസ്റ്റ് അജണ്ട’ എന്ന് മുദ്രകുത്തി തള്ളിക്കളയുന്ന പ്രവണതയെ അവർ വിമർശിക്കുന്നു.

ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ നാദിയ കാർലി, കൊറിയോഗ്രാഫറും നർത്തകിയുമായ ഹരിണി എന്നിവർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പുകൾ തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെ പാർവതി പിന്തുണയോടെ പങ്കുവെക്കുകയായിരുന്നു. നാദിയ കാർലിയുടെ വാക്കുകൾ ഇങ്ങനെ: ലോകമെമ്പാടുമുള്ള ഗെയിമിംഗ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ എന്ന ഗെയിമിൽ ആദ്യമായി ഒരു സ്ത്രീ കഥാപാത്രം കേന്ദ്രസ്ഥാനത്തെത്തുന്നുണ്ട്. ഈ മാറ്റത്തിനെതിരെ സൈബർ ഇടങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്ന വിദ്വേഷകരമായ പരാമർശങ്ങളെ മുൻനിർത്തിയാണ് നാദിയയുടെ പ്രതികരണം.

Fashion ⏭️

Back to top button