NEWS

എൻവിഡിയയുടെ തലപ്പത്തേക്ക് ജയ് പുരി: ജെൻസൻ ഹുവാങ് പടിയിറങ്ങുന്നു, ഓഹരി വിപണിയിൽ ആശങ്ക

ആഗോള തലത്തിൽ ഏറ്റവും വലിയ വിപണി മൂല്യമുള്ള ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ അമരത്തേക്ക് ഒരു ഇന്ത്യക്കാരൻ എത്തുമോ എന്ന ആകാംക്ഷയിലാണ് സാങ്കേതിക ലോകം. നിലവിലെ സിഇഒയും കമ്പനിയുടെ സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ്ങിന് പകരമായി ഇന്ത്യൻ വംശജനായ ജയ് പുരിയെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെൻസൻ ഹുവാങ്ങിനോട് സ്ഥാനമൊഴിയാൻ ഡയറക്ടർ ബോർഡ് നിർദ്ദേശിച്ചേക്കുമെന്നും, വഴങ്ങിയില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് വിവരം.

ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെൻസൻ ഹുവാങ്ങിന്റെ രഹസ്യബന്ധം പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ, എൻവിഡിയയിലെ ജീവനക്കാരിയായ കിംബെർലി പവലുമായും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നത് കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കി. ചൈനീസ് പൗരയുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട ചാരവൃത്തി ആരോപണങ്ങളും ഗൗരവകരമായി കണ്ടുകൊണ്ട് എൻവിഡിയ ഇതിനകം സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജെൻസൻ ഹുവാങ്ങിന് പകരമായി പരിഗണിക്കപ്പെടുന്ന ഒൻപത് പേരുടെ പട്ടികയിൽ ജയ് പുരിയും ഇടംപിടിച്ചിട്ടുണ്ട്. നിലവിൽ എൻവിഡിയയുടെ വേൾഡ് വൈഡ് ഫീൽഡ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അദ്ദേഹം. 2005 മുതൽ എൻവിഡിയയുടെ ഭാഗമായ ജയ് പുരിക്ക്, എച്ച്പി (HP), ടെക്സസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ചുള്ള വിപുലമായ പ്രവൃത്തിപരിചയവുമുണ്ട്.

ഇവർക്ക് പുറമെ, എൻവിഡിയയുടെ ഫിനാൻസ് മേധാവി കൊളെറ്റ് ക്രെസ്, ഹൈ-പെർഫോമൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാൻ ബക്ക്, ചീഫ് സയന്റിസ്റ്റ് ബിൽ ഡാലി, സ്ഥാപകരിൽ ഒരാളായ ക്രിസ് മലക്കോവിസ്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിക്ക് പാർക്കർ, വൈസ് പ്രസിഡന്റ് ബ്രയാൻ കാറ്റൻസാറോ, മാനുഫാക്ചറിങ് വിഭാഗം മേധാവി ഡിബോറ ഷോക്വിസ്റ്റ് എന്നിവരും സിഇഒ സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ഈ പ്രതിസന്ധികൾക്കിടയിൽ കമ്പനിയുടെ ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് അനുഭവപ്പെടുന്നത്. നാസ്ഡാക്കിൽ (Nasdaq) എൻവിഡിയ ഓഹരികൾ 7 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടരുന്നത്.

Fashion ⏭️

Back to top button