ഷെഹ്നാദിന്റെ ദൃശ്യഭാഷയ്ക്ക് രാജ്യത്തിന്റെ കൈയൊപ്പ്

തിരുവനന്തപുരം: സിനിമ ആവശ്യപ്പെടുന്ന ദൃശ്യഭാഷ അതിമനോഹരമായി തീർക്കുന്ന ഷെഹ്നാദ് ജലാലിന് ‘ഭ്രമയുഗ’ത്തിലൂടെ ദേശീയ പുരസ്കാര നിറവ്. ആദ്യ ചിത്രം ‘ചിത്രസൂത്രം’ സംസ്ഥാന അവാർഡ് നേടിയതോടെ ഷെഹ്നാദിന്റെ പ്രതിഭയെ മലയാള സിനിമ അടയാളപ്പെടുത്തി.
ലെഫ്റ്റ് റൈറ്റ്, കന്യകാ ടാക്കീസ്, നിർണായകം, ഭൂതകാലം, ഭ്രമയുഗം, ഉള്ളൊഴുക്ക്… ഇങ്ങനെ ഇരുപതിലേറെ ചിത്രങ്ങൾ. ഓരോന്നിലും ഷെഹ്നാദ് നടത്തിയത് ഓരോ പരീക്ഷണങ്ങൾ.
ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കണമെന്നത് സംവിധായകൻ രാഹുൽ സദാശിവന്റെ തീരുമാനമായിരുന്നു. ചില സീനുകൾ ഡമ്മി കഥാപാത്രങ്ങളെ വച്ച് നേരത്തെ ഷൂട്ടു ചെയ്തു. അത് കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമായി ചെയ്തുനോക്കി. ബ്ലാക്ക് ആൻഡ് വൈറ്റ് ഉറപ്പിച്ചു.
ചിത്രത്തിന്റെ വിഷ്വൽ ലാംഗ്വേജ് ക്രിയേറ്റ് ചെയ്യാൻകുറച്ചു പണിപ്പെട്ടെന്ന് ഷെഹ്നാദ് പറഞ്ഞു. മമ്മൂട്ടി ഉൾപ്പെടെ നാല് അഭിനേതാക്കൾ. ഒരു മന, കാട്, മനയ്ക്കകത്തെ നിലവറ, നെല്ലറ, കള്ള്ഭരണികൾ നിറഞ്ഞ മുറി. ഇതെല്ലാം വേവ്വേറെ സെറ്റുകളാണ്. ലൈറ്റിംഗ് പാറ്റേൺ ഉൾപ്പെടെ എല്ലാം വ്യത്യസ്തമാക്കി.
ആദ്യമായിട്ടായിരുന്നു മമ്മൂട്ടിക്കൊപ്പം. അദ്ദേഹത്തിന്റെ വർക്കിനോടുള്ള സമീപനം അത്ഭുതപ്പെടുത്തി. മഹാനടനൊപ്പം ദേശീയ അവാർഡ് കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നും ഷെഹ്നാദ് പറഞ്ഞു.
എം.കോം കഴിഞ്ഞ് കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്ര്യൂട്ടിൽ നിന്നാണ് ഛായാഗ്രഹണം പഠിച്ചത്. വേണുവിന്റെ സഹായിയായി സിനിമയിൽ എത്തി. തിരുവനന്തപുരം മുറിഞ്ഞപാലം ജലാൽസിൽ എ.ജലാലുദ്ദീന്റേയും ജഹ്നാര ജലാലിന്റേയും മകനാണ്. ഭാര്യ: സൂര്യ അൻവർ. കേരളകൗമുദി ജനറൽ മാനേജർ (മാർക്കറ്റിംഗ്) ഷിറാസ് ജലാൽ , സോഫ്റ്ര്‌വെയർ എൻജിനിയർ യാഷിൻ ജലാൽ എന്നിവർ സഹോദരങ്ങളാണ്.
Business ⏭️


