CINEMA

ബൻസാലി-ധനുഷ് ചിത്രത്തിൽ കരീന കപൂർ

ധനുഷ് നായകനായി ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ചിത്രത്തിൽ കരീന കപൂർ നായികയായേക്കും. കരീനയുമായി പ്രാഥമിക ചർച്ചകൾ കഴിഞ്ഞെന്നും അനുകൂല തീരുമാനം വൈകാതെ ഉണ്ടാകും എന്നുമാണ് വിവരം. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പൗരാണിക സാഹസിക ചിത്രം ആണ്.

ശിവകാർത്തികേയന്റെ ഹീറോ,​ കാർത്തിയുടെ സർദാർ, സർദാർ 2 എന്നീ ചിത്രങ്ങൾ ഒരുക്കിയ പി.എസ് മിത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി.എസ്. മിത്രന്റെ ഹിന്ദി അരങ്ങേറ്റം ആണ്. ഇതാദ്യമായാണ് ധനുഷും മിത്രനും കൈകോർക്കുന്നത്. ബൻസാലിയും ധനുഷുമായി ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ഹിന്ദിയോടൊപ്പം തമിഴിലും ചിത്രീകരിക്കാനാണ് തീരുമാനം. നവംബറിൽ പ്രീ- പ്രൊഡക്ഷൻ ആരംഭിക്കും. ജനുവരിയിൽ ടെസ്റ്റ് ഷൂട്ട് നടത്താനാണ് ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്.

അതേസമയം,ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒരുമിക്കുന്നു. ബ്ളോക് ബസ്റ്ററായ തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും പ്രണയ സിനിമയാണ്. ധനുഷും ആനന്ദ് എൽ. റായ്‌യും ഒരുമിക്കുന്നത് ഇത് നാലാം തവണയാണ്. 2013ൽ രാഞ‌്‌ഝണ എന്ന ചിത്രത്തിലും 2021ൽ അത് രംഗി രേ എന്നീ ചിത്രങ്ങൾക്കു വേണ്ടി ഇരുവരും ഒരുമിച്ചു. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന തേരെ ഇഷ്ക് മേം ആണ് ഇരുവരും ഒടുവിൽ ഒരുമിച്ച ചിത്രം. ആദ്യ ദിവസം ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് 16 കോടി രൂപയായിരുന്നു നെറ്റ് കളക്ഷൻ .


Business ⏭️

Back to top button