ഒരു വർഷം മുമ്പ് അമ്മയായി എന്ന് പദ്മപ്രിയ

അമ്മയായ സന്തോഷം പങ്കുവച്ച് നടി പദ്മപ്രിയ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ബ്ളാക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചാണ് പദ്മപ്രിയ സന്തോഷം പങ്കുവച്ചത്. 365 ഡെയ്സ് ഒഫ് ലൈഫ് എന്ന കുറിപ്പോടെ റെഡ് ഹാർട്ട് ഇമേജിക്കൊപ്പം താരം പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. ഗ്രേറ്റ്ഫുൾ, ഔവർ സ്റ്റോറി, ലിറ്റിൽ റൊമാന്റ്സ് എന്ന ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല. പദ്മപ്രിയയുടെയും ഭർത്താവ് ജാസ്മിൻ ഷായുടെയും കൈക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞ് കൈയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് മാതാപിതാക്കളായ വിവരം പങ്കുവച്ചത്.
അതേസമയം കുഞ്ഞ് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് പദ്മപ്രിയ വെളിപ്പെടുത്തിയിട്ടില്ല.നടി അഭിരാമിയുടെ കമന്റിന് ഞങ്ങൾക്ക് ഇത് ലഭിക്കാൻ നീ ആണ് കാരണമെന്ന് പദ്മപ്രിയ മറുപടി നൽകിയത് ശ്രദ്ധേയമായി. കൽക്കി എന്ന പെൺകുട്ടിയെ ദത്തെടുത്ത് അഭിരാമിയും ഭർത്താവും അച്ഛനമ്മമാരായിരുന്നു. അഭിരാമിയുടെവഴിയേയാണോ പദ്മപ്രിയയും എന്നരീതിയിലും ചർച്ചകൾ സജീവമാണ്. റിമ കല്ലിംഗൽ ഉൾപ്പെടെ സിനിമാരംഗത്തുനിന്ന് നിരവധി താരങ്ങൾ പദ്മപ്രിയയ്ക്ക് ആശംസകൾ നേർന്നു. 45-ാം വയസിൽ ആണ് പദ്മപ്രിയ അമ്മയാകുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ’സീനു വാസന്തി ലക്ഷ്മിയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരം ആണ് പദ്മപ്രിയ.മമ്മൂട്ടി - ബ്ളസി ടീമിന്റെ കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തിനും പ്രിയങ്കരിയായി.
അമൃതം, രാജമാണിക്യം, വടക്കുംനാഥൻ, കറുത്ത പക്ഷികൾ തുടങ്ങി മികച്ച സിനിമകൾ പദ്മപ്രിയയെ തേടിയെത്തി.
Business ⏭️


