ചാല സ്വർണക്കവർച്ച: ഉപേക്ഷിച്ച നിലയിൽ 146 പവൻ കണ്ടെത്തി; അന്വേഷണം ഊർജിതം

നേമം ∙ ചാലയിൽ നടന്ന സ്വർണക്കൊള്ളയിലെ പ്രധാന തൊണ്ടിമുതൽ ഫോർട്ട് പൊലീസ് കണ്ടെടുത്തു. വെള്ളായണി സർവോദയം റോഡിലെ വിജനമായ മൂന്ന് സെന്റ് പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന സ്വർണം വെറും പത്ത് മിനിറ്റിനുള്ളിൽ കുഴിച്ചെടുത്താണ് പൊലീസ് സംഘം മടങ്ങിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ രണ്ട് ജീപ്പുകളിലായാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
വെള്ളായണി ദേവീക്ഷേത്രത്തിന് മുന്നിലുള്ള റോഡിൽനിന്ന് അര കിലോമീറ്റർ മാറി, ഉൾപ്രദേശത്തെ ഒരു ഇടവഴിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മുപ്പതിലധികം പടികൾ കടന്നെത്തേണ്ട ഈ വിജനമായ പുരയിടം രണ്ട് വീടുകൾക്ക് തൊട്ടടുത്താണ്. കേസിലെ പ്രതിയായ അനൂപിന്റെ ബന്ധുവീടിനോട് ചേർന്നുള്ള സ്ഥലമാണിത്. എന്നാൽ, സ്ഥലം ഉടമയായ സ്ത്രീക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക പൊലീസോ സ്പെഷൽ ബ്രാഞ്ചോ പോലും ഇങ്ങനെയൊരു വിവരം അറിഞ്ഞിരുന്നില്ല എന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. തലസ്ഥാന നഗരിയെ വിറപ്പിച്ച സ്വർണക്കവർച്ചയുടെ തെളിവുകൾ തങ്ങളുടെ തൊട്ടടുത്ത് തന്നെ ഒളിപ്പിച്ചിരുന്നു എന്ന ഞെട്ടലിലാണ് പ്രദേശവാസികൾ.
ചാലയിലെ സ്വർണക്കൊള്ള ആസൂത്രണം ചെയ്തത് ജയറാം ആണെന്ന് പിടിയിലായ പ്രതികളായ അനൂപും അമോലും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ജയറാമിനെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ചാലയിൽ നിന്നും കവർന്ന ഏകദേശം രണ്ട് കിലോയോളം വരുന്ന സ്വർണത്തിൽ, വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണം പൊലീസ് കണ്ടെടുത്തു.




