പാലാ–കണ്ണൂർ സൂപ്പർ ഫാസ്റ്റ് റദ്ദാക്കി: യാത്രക്കാർ ദുരിതത്തിൽ; ദീർഘദൂര സർവീസ് മുടങ്ങി

പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നടത്തിവന്നിരുന്ന ദീർഘദൂര ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പത്തിലധികം പ്രധാന സർവീസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിലച്ചുപോയത്. യാത്രക്കാർക്കായി ബദൽ സൗകര്യങ്ങൾ പോലും ഒരുക്കാതെ സർവീസുകൾ മുടക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വിശേഷാവസരങ്ങളിൽ സ്പെഷൽ സർവീസുകൾക്കായി ബസുകൾ ഉപയോഗിച്ചിരുന്നെങ്കിലും, സാധാരണ ഷെഡ്യൂളുകളെ അത് ബാധിക്കാറില്ലായിരുന്നു.
പുലർച്ചെ 3 മണിക്ക് സർവീസ് ആരംഭിച്ചിരുന്ന പാലാ–കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് റദ്ദാക്കിയത് സ്ഥിരം യാത്രക്കാരെ പെരുവഴിയിലാക്കി. കൃത്യസമയത്ത് ഡിപ്പോയിലെത്തിയ യാത്രക്കാർ ബസ് ഇല്ലെന്നറിഞ്ഞാണ് നിരാശരായത്. ദിനംപ്രതി അര ലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുകയും, സീറ്റുകളെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്ന സർവീസാണിത്. ഈ സൂപ്പർ ഫാസ്റ്റിനു പകരമായി ഉപയോഗിക്കാവുന്ന ഡീലക്സ് ബസ് ഡിപ്പോയിൽ ലഭ്യമായിരുന്നിട്ടും, അധികൃതർ ബദൽ സംവിധാനമൊരുക്കാൻ തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പുലർച്ചെ 3.00-തിരുവനന്തപുരം, രാവിലെ 8.00-കോഴിക്കോട് സൂപ്പർ ഫാസ്റ്റ്, 5.40-കോഴിക്കോട്, 5.45-വൈറ്റില, 6.00-കുമളി, 6.00-തൃശൂർ, 6.10-കൊല്ലം, 6.40-കോട്ടയം, 6.40-തൊടുപുഴ, 2.10-വൈറ്റില, 2.30-ഒലിപ്പാറ, വൈകിട്ട് 4.30-പാലക്കാട് തുടങ്ങിയ സർവീസുകളെല്ലാം ഇത്തരത്തിൽ മുടങ്ങിയവയിൽ ഉൾപ്പെടുന്നു. തൃശൂർ, പാലക്കാട് റൂട്ടുകളിലെ ബസുകൾ കൂടി റദ്ദാക്കപ്പെട്ടതോടെ പാലാ-ഉഴവൂർ-കൂത്താട്ടുകുളം വഴിയുള്ള ഡിപ്പോയുടെ സർവീസുകൾ പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണ്. കൂടാതെ, കുമളിയിലേക്കുള്ള സർവീസ് നിർത്തിയത് കുട്ടിക്കാനം ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോയിരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ജയ്സൺ മാന്തോട്ടം




