NEWS

അരവണ നിർമാണം: ഗുണനിലവാര പരിശോധനയിൽ പ്രതിസന്ധിയിലായി ദേവസ്വം ബോർഡ്

ശബരിമല അരവണ നിർമാണശാലയിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്ലാന്റിലെ ശുചിത്വം, അണുനശീകരണം, കീടനിയന്ത്രണം, അതുപോലെ അരവണ സൂക്ഷിച്ചുവയ്ക്കുന്ന സംവിധാനങ്ങൾ എന്നിവയിൽ അതോറിറ്റി നിഷ്കർഷിക്കുന്ന നിലവാരത്തിലേക്ക് ഉയരാനാണ് ബോർഡിന്റെ ഇപ്പോഴത്തെ ഓട്ടം.

നേരത്തെ അരവണ പ്ലാന്റുകളിൽ എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിൽ 182-ൽ 91 മാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. നിർമാണ രീതി, പാക്കിങ് നടപടികൾ, സംഭരണ കേന്ദ്രങ്ങളിൽ വെള്ളം ചോർന്നൊലിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഗുരുതരമായ വീഴ്ചകൾ അതോറിറ്റി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി നടക്കാനിരിക്കുന്ന അടുത്ത പരിശോധനയിലും ഈ പോരായ്മകൾ തുടരുകയാണെങ്കിൽ ഹൈക്കോടതിയുടെ കർശന ഇടപെടലുകൾ ഉണ്ടാകുമോ എന്ന ആശങ്ക ദേവസ്വം ബോർഡിനുണ്ട്.

ഇതൊഴിവാക്കുന്നതിന്റെ ഭാഗമായി അരവണ നിർമാണശാല ഇപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. പ്ലാന്റിലെ ശുചീകരണവും അണുനശീകരണ നടപടികളും പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇപ്പോൾ ഉൽപാദനം പുനരാരംഭിച്ചിരിക്കുന്നത്.

Fashion ⏭️

Back to top button