NEWS

ആശുപത്രിയെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവം: ഡിസിസി അംഗം സുഹൈൽ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുത്ത ഡിസിസി അംഗം സുഹൈൽ ഷാജഹാനുമായുള്ള ഇടപാടിന്റെ ദൃശ്യങ്ങൾ പുറത്തായി. ഓൺലൈൻ വാർത്താ പോർട്ടലിലൂടെ ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ശേഷം, അത് നീക്കം ചെയ്യണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് സുഹൈൽ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാനായ ഡോ. സബൈൻ ശിവദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചത്. സുഹൈൽ ഉൾപ്പെടെയുള്ള അഞ്ചുപേർക്കെതിരെയാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭീഷണി സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റ് നേരത്തെ തന്നെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

പണം കൈപ്പറ്റാനായി സുഹൈൽ ആശുപത്രിയിൽ നേരിട്ടെത്തിയ സമയത്ത്, വിവരം ലഭിച്ച ഉടൻ തന്നെ ജീവനക്കാർ പൊലീസിന് സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പേട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, കൈക്കൂലിത്തുക കൈക്കലാക്കി മടങ്ങുന്നതിനിടെ സുഹൈലിനെ പിടികൂടുകയായിരുന്നു.

Fashion ⏭️

Back to top button