NEWS
രണ്ട് മാസത്തിനിടെ കൊന്നുതിന്നത് 9 വളർത്തു മൃഗങ്ങളെ; നാട്ടുകാരുടെ ഉറക്കംകെടുത്തിയ കടുവ പിടിയിൽ

കൽപറ്റ∙ വയനാട് മുത്തങ്ങ ചിറമൂലയിൽ മാസങ്ങളായി നാട്ടുകാരുടെ ഉറക്കംകെടുത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. രണ്ടു മാസത്തിനിടെ ഈ പ്രദേശത്ത് ഒൻപത് വളർത്തുമൃഗങ്ങളെ കൊന്ന 12 വയസ്സുള്ള പെൺകടുവയാണ് കൂട്ടിലായത്. ഉച്ചയ്ക്കു 12 മണിയോടെയാണ് ചിറമൂല ഉന്നതിക്കു സമീപം വനാതിർത്തിയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ചിറമൂല, കൂളുർ പ്രദേശങ്ങളിൽ രണ്ടു മാസമായി ഭീതി പരത്തിയ കടുവയാണിത്. തിങ്കളാഴ്ച കോളൂർ ഉന്നതിയിലെ രതീഷിന്റെ പശുക്കിടാവിനെ കൊന്നതിനു പിന്നാലെയാണ് വനംവകുപ്പ് ചിറമൂലയിൽ കൂട് സ്ഥാപിച്ചത്. പകൽസമയത്ത് പോലും നാട്ടുകാർ പലതവണ കടുവയെ കണ്ടതിനാൽ ഈ പ്രദേശത്തുള്ളവർ ഏറെ ഭീതിയിൽ ആയിരുന്നു. ഒരു പശുവും എട്ട് ആടുമാണ് ഇതുവരെ കടുവയുടെ ആക്രമണത്തിൽ ചത്തത്. ഇതിൽ പലതിനെയും ഉടമസ്ഥരുടെ കൺമുന്നിൽ വച്ചാണ് കടുവ ആക്രമിച്ച് കൊന്നത്. കൂട്ടിലായ കടുവയുടെ പിൻകാലിനു പരുക്കുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Source link


