BUSINESS
പുരപ്പുറത്ത് സോളർ: ഓരോ 6 ദിവസവും ഒരുലക്ഷം പുതിയ വീടുകൾ; മോദിയുടെ പിഎം സൂര്യ ഘറിന് ‘2.0’ ഒരുക്കാൻ കേന്ദ്രം

നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ ഓരോ 6 ദിവസവും ചേരുന്നത് ഒരുലക്ഷം പുതിയ കുടുംബങ്ങൾ. ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 49.44 ലക്ഷം വീടുകളാണ് പദ്ധതിയുടെ ഭാഗമായത്. 2026ന്റെ അവസാനത്തോടെ 75 ലക്ഷം വീടുകളാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിൽ ഉൾപ്പെടെ വലിയ സ്വീകാര്യത നേടിയ പദ്ധതിക്കായി 75,021 കോടി രൂപ വിനിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുവരെ 27,855.99 കോടി രൂപ സബ്സിഡിയായി ഉപഭോക്താക്കൾക്ക് കേന്ദ്രം കൈമാറിയിട്ടുണ്ട്. 2024ൽ ആരംഭിച്ച പദ്ധതിയിൽ ആദ്യ ഒരുലക്ഷം പേരെ നേടാൻ 118 ദിവസം വേണ്ടിവന്നിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുത്തപ്പോൾ ഓരോ ലക്ഷം പേരെയും ചേർക്കാൻ വേണ്ടിവന്നത് 19 ദിവസങ്ങളായിരുന്നു. ഇതാണ് ഇപ്പോൾ 6 ദിവസത്തിലേക്ക് ചുരുങ്ങിയത്.മൊത്തം 14,653.23 മെഗാവാട്ട് ശേഷിയുടെ പുരപ്പുറ സോളറുകളാണ് പദ്ധതിയുടെ ഭാഗമായി ഇതിനകം സ്ഥാപിച്ചത്. കേരളത്തിൽ ഇതിനകം 4,21,734 അപേക്ഷകൾ പദ്ധതിക്കായി ലഭിച്ചു. 3.17 ലക്ഷം വീടുകൾ ഇതുവരെ പദ്ധതിയുടെ ഭാഗമായി. 1203.02 മെഗാവാട്ടാണ് സംയോജിത ഉൽപാദനശേഷി. 2073.8 കോടി രൂപ സംസ്ഥാനത്ത് സബ്സിഡിയായി ഉപഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്തു. തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ രാജ്യത്ത് പുരപ്പുറ സോളർ വ്യാപനത്തിൽ ഏറ്റവും മുൻനിരയിലാണ്.പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന എന്ന പദ്ധതി വൻ വിജയമായതോടെ, രണ്ടാംഘട്ടം (2.0) അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്രം. ഉപഭോക്താക്കൾക്ക് കൂടുതൽ വായ്പാ സൗകര്യം, ദീർഘകാല സർവീസ്, പുരപ്പുറം പങ്കുവയ്ക്കൽ (റൂഫ്ടോപ് ഷെയറിങ്), മികച്ച ബാറ്ററി സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ആയിരിക്കും 2.0ൽ പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ മേൽക്കൂര ഇല്ലാത്ത വീടുകൾക്ക് സമീപത്തെ വീടിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളർ വഴി വൈദ്യുതി ഉപയോഗിക്കാവുന്ന സൗകര്യം 2.0ന്റെ ആകർഷണമായിരിക്കും.എങ്ങനെയാണ് സബ്സിഡി?പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ.
Travel ⏭️


