BUSINESS
കേരളത്തിലെ എഫ്സിഐ ഗോഡൗണുകളിൽനിന്ന് ലഭിക്കുക പച്ചരി; പുഴുക്കലരി കർണാടകയിൽ നിന്ന് വരും

തിരുവനന്തപുരം ∙ കേരളത്തിൽ അരിവില ഉയർന്നു നിൽക്കുന്നതിനിടെ, ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി അരിയുടെ ഇ ലേലത്തിന് കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) തീയതി നിശ്ചയിച്ചു.കേരളത്തിലെ എഫ്സിഐ ഗോഡൗണുകളിൽനിന്ന് പച്ചരി മാത്രമാണു ലഭിക്കുകയെന്നതാണു ന്യൂനത. കേരളത്തിൽ പുഴുക്കലരിക്ക് ആണ് ആവശ്യക്കാരേറെ. എന്നാൽ, കർണാടകയിലെ എഫ്സിഐ ഗോഡൗണുകളിൽനിന്ന് പുഴുക്കലരിയും ലഭിക്കും. കേരളത്തിൽ ഇന്നും കർണാടകയിൽ 30നുമാണ് ലേലം.എഫ്സിഐയിൽ അധിക സ്റ്റോക്ക് ഉള്ള അരി വൻകിട മൊത്തവ്യാപാരികൾക്കും സർക്കാർ ഏജൻസികൾക്കും (കേരളത്തിൽ സപ്ലൈകോ) ചില സീസണുകളിൽ ഇ ലേലം വഴി നൽകുന്ന സംവിധാനമാണ് ഒഎംഎസ്എസ്. സ്വകാര്യ വ്യാപാരികൾക്ക് കിലോഗ്രാമിന് 28.90 രൂപയ്ക്കാണ് അരി ലഭിക്കുക. സർക്കാർ ഏജൻസികൾക്ക് കിലോഗ്രാമിന് 23.20 രൂപയും.കിലോഗ്രാമിന് 23.20 രൂപയ്ക്കു ലഭിക്കുന്ന അരി സപ്ലൈകോ വിൽപനശാലകൾ വഴി 26 രൂപയ്ക്ക് 10 കിലോഗ്രാം വീതം കാർഡ് ഉടമകൾക്കു നൽകാനാണ് ആലോചന. ഗതാഗതച്ചെലവും മറ്റും കണക്കാക്കിയാണു തുക നിശ്ചയിച്ചിട്ടുള്ളത് എന്നതിനാൽ നഷ്ടം വരില്ലെന്നാണു സപ്ലൈകോയുടെ കണക്കുകൂട്ടൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇങ്ങനെ അരി വാങ്ങിയാണ് സപ്ലൈകോ വഴി ഓണത്തിന് അധികമായി നൽകിയത്. അതേസമയം, മൊത്ത വ്യാപാരികൾ ഇ ലേലം വഴി കിലോഗ്രാമിന് 28.90 രൂപ വഴി വാങ്ങുന്ന അരി ഗതാഗതച്ചെലവും പോളിഷിങ്ങും കഴിഞ്ഞ് ബ്രാൻഡിങ് വഴി വിപണിയിൽ എത്തുമ്പോൾ 5 രൂപ വരെ കൂടാം.
Travel ⏭️


