BUSINESS
സിംഗപ്പൂരിന് വൈദ്യുതി കൊടുക്കാൻ ഇന്ത്യ; വരുന്നു 3 രാജ്യങ്ങളിലൂടെ കരവഴി 3000 കിലോമീറ്റർ ‘കറന്റ് ലൈൻ’

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിന് വൈദ്യുതി വിൽക്കാൻ ഇന്ത്യ. സിംഗപ്പൂരിനെയും ഇന്ത്യയെയും ബന്ധിപ്പിച്ച് കരമാർഗം 3000 കിലോമീറ്റർ നീളുന്ന വൈദ്യുതി ലൈനാണ് വരുന്നത്. 2000 മെഗാവാട്ട് വൈദ്യുതി കൈമാറുന്ന പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പരിശോധിക്കുകയാണ്. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമാണിത്. മണിപ്പൂരിലെ ഇംഫാലിനെ മ്യാൻമർ, തായ്‍ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ സിംഗപ്പൂരുമായി കരമാർഗം ബന്ധിപ്പിക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഊർജമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജസഹമന്ത്രി ശ്രീപദ് യെസോ നായിക്കാണ് ഇക്കാര്യം പറഞ്ഞത്. 2035 എത്തുമ്പോൾ 6 ഗിഗാവാട്ട് പുനരുപയോഗ വൈദ്യുതി ഇറക്കുമതി ചെയ്യാൻ സിംഗപ്പൂർ പദ്ധതിയിടുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ. പദ്ധതി സാധ്യമായാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സിംഗപ്പൂരിലേക്ക് വൈദ്യുതി എത്തിക്കാം. ഇത് മേഖലയിലെ ഊർജ സുരക്ഷയ്ക്കും കരുത്താകും. പുനരുപയോഗ മേഖലയിലെ പദ്ധതികളുടെ നടത്തിപ്പ്, ഗ്രിഡ് ഇന്റഗ്രേഷൻ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയും ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പവർ ഗ്രിഡ് നീട്ടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. നിലവിൽ ഇന്ത്യയ്ക്ക് ബംഗ്ലദേശ്, നേപ്പാള്‍, മ്യാൻമർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് നേരിട്ട് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ശ്രീലങ്കയെക്കൂടി ഇതിലേക്ക് ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടക്കുകയാണ്. രാജ്യത്തിന്റെ പവർ ഗ്രിഡിനെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയ്ക്ക് 558.8 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഇതിൽ 308 ജിഗാവാട്ടും ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ്. ആകെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 55 ശതമാനം വരുമിത്. പാരിസ് ഉടമ്പടി പ്രകാരം 2030ലാണ് ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 50% ഫോസിൽ ഇതര ഇന്ധനത്തിലേക്ക് മാറ്റേണ്ടത്. വർഷങ്ങൾക്കു മുൻപ് തന്നെ ഇന്ത്യ ഈ നേട്ടം കൈവരിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
Travel ⏭️




