LIFESTYLE

കേസിന്റെ പേരിൽ ഭൂനികുതി സ്വീകരിക്കാതെ വട്ടംചുറ്റിക്കുന്നു: എന്താണ് പരിഹാരം?


ഞാൻ 2021 ൽ കോടതി ലേലത്തിലൂടെ ഒരു വസ്തു സ്വന്തമാക്കിയതാണ്. അന്നു മുതൽ മ്യൂട്ടേഷൻ നടത്തി ഭൂനികുതി സ്ഥിരമായി അടച്ചു വരുന്നു. 2024–25 വരെയുളള നികുതി അടച്ചിട്ടുണ്ട്. മുൻ ഉടമ 2012 ൽ ഹൈക്കോടതിയിൽ ഒരു ഒപി ഫയൽ ചെയ്തിരുന്നു. 2014 ൽ ഹൈക്കോടതി അത് സ്റ്റേയോ ഇൻജങ്ഷനോ നൽകാതെ തള്ളിക്കളഞ്ഞതാണ്. എന്നാൽ, 2012 ൽ ഒരു വില്ലേജ് ഓഫിസർ ‘An OP was pending – stay was granted’ എന്ന് തണ്ടപ്പേര് റജിസ്റ്ററിൽ കുറിപ്പ് നൽകി. ഇപ്പോൾ പുതിയ വില്ലേജ് ഓഫിസർ ഡിജിറ്റൽ സർവേ സമയത്ത് പഴയ ഫയലുകൾ പരിശോധിച്ച് ഒപി പെൻഡിങ് എന്നു പറഞ്ഞ് എന്റെ ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ്.ഹൈക്കോടതി സ്റ്റേ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള എൻട്രി ശരിയാണോ? ഒരു വില്ലേജ് ഓഫിസർക്ക് ഒരു അടിസ്ഥാനവുമില്ലാതെ ഇത്തരത്തിലുള്ള കുറിപ്പ് തണ്ടപ്പേര് റജിസ്റ്ററിൽ രേഖപ്പെടുത്താൻ അധികാരമുണ്ടോ? ഇതുമായി ബന്ധപ്പെട്ട് എനിക്ക് ലഭ്യമായ നിയമപരമായ പരിഹാര മാർഗം എന്താണ്?ഒരു സിവിൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ ഭൂനികുതി സ്വീകരിക്കാതിരിക്കാൻ വില്ലേജ് ഓഫിസർ പോലുള്ള റവന്യു ഉദ്യോഗസ്ഥർക്ക് നിയമപരമായ അധികാരമില്ലെന്ന് ഹൈക്കോടതികളും സുപ്രീംകോടതിയും ഉൾപ്പെടെ വിവിധ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.സിവിൽ കേസ്, റവന്യു റിക്കവറി നടപടി, അറ്റാച്ച്മെന്റ് നടപടി എന്നിവ നിലനിൽക്കുന്നുവെന്ന കാരണത്താൽ തഹസിൽദാർക്കോ വില്ലേജ് ഓഫിസർക്കോ ഭൂനികുതി സ്വീകരിക്കാതിരിക്കാൻ സാധിക്കില്ലെന്ന് തുളസിഭായ് v. സ്റ്റേറ്റ് ഓഫ് കേരള [2010(4) കെഎൽടി 215] എന്ന കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാരണം ട്രാൻസ്ഫർ ഓഫ് റജിസ്ട്രി റൂൾസിലോ കേരള ലാൻഡ് ടാക്സ് റൂൾസിലോ ഇത്തരമൊരു തടസ്സം കാണുന്നില്ല.ഈ നിമയതത്വം പിന്നീട് നെവിൻ രാജു v. എസ്. ബഷീർ ആൻഡ് അദേഴ്സ് [2015(3) കെഎൽജെ 197] എന്ന വിധിയിലും ആവർത്തിച്ച് കോടതി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ, ഒപി പെൻഡിങ് എന്ന പേരിൽ പരാതിക്കാരനിൽ നിന്ന് ഭൂനികുതി സ്വീകരിക്കില്ലെന്ന് വില്ലേജ് ഓഫിസറുടെ നിലപാട് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണ്. കേരള ഭൂനികുതി നിയമപ്രകാരം ഭൂവുടമയിൽ നിന്ന് ഭൂനികുതി സ്വീകരിക്കുക എന്നത് റവന്യൂ ഉദ്യോഗസ്ഥനായ വില്ലേജ് ഓഫിസറുടെ നിയമപരമായ ബാധ്യതയാണ്.ഏതെങ്കിലും ഒരു കോടതി ബന്ധപ്പെട്ട ഭൂ ഉടമയിൽ നിന്നു ലാൻഡ് ടാക്സ് ഈടാക്കരുതെന്ന ഉത്തരവ് നൽകിയിട്ടുണ്ടെങ്കിൽ, അത്തരം ഉത്തരവ് നടപ്പിലാക്കാൻ വില്ലേജ് ഓഫിസർക്ക് നിയമപരമായ ബാധ്യതയുണ്ട്. എന്നാൽ, കേസ് നിലവിലുണ്ടെന്ന കാരണം ഭൂനികുതി സ്വീകരിക്കുന്നതിന് തടസ്സമല്ല. അതിനാൽ, ബന്ധപ്പെട്ട തഹസിൽദാർക്ക് പരാതി നൽകുക. നടപടി ആയില്ലെങ്കിൽ ജില്ലാ കലക്ടറെ സമീപിക്കുക. എന്നിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ലാൻഡ് റവന്യു കമ്മിഷണറെ സമീപിക്കാവുന്നതാണ്.


Source link

CINEMA

CINEMA

Back to top button