BUSINESS
ഒരുങ്ങുന്നു, ഓസ്ട്രേലിയയിൽ ഗ്ലോബൽ ബിസിനസ് ഫോറം 2026: കേരളത്തിൽ നിന്ന് 20 അംഗ പ്രതിനിധി സംഘം പങ്കെടുക്കും

ഇന്ത്യ–ഓസ്ട്രേലിയ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഒക്ടോബർ 14 മുതൽ നവംബർ 15 വരെ ഗ്ലോബൽ ബിസിനസ് ഫോറവും ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഗ്ലോബൽ മീറ്റും സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 അംഗ പ്രതിനിധി സംഘം ഈ അന്താരാഷ്ട്ര ഫോറത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.ബിസിനസ്, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സീനിയർ കെയർ, കാർഷിക വികസനം, മനുഷ്യാവകാശ സംരക്ഷണം, സാംസ്കാരിക സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. ഒക്ടോബർ 14ന് ന്യൂ സൗത്ത് വെയിൽസിലെ ദി കോലേബീ, ഡൂൺസൈഡിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. ബ്ലാക്ക് ടൗൺ സിറ്റി കൗൺസിൽ മേയർ കൗൺസിലർ ബ്രാഡ് ബണ്ടിങ് ജെ.പി, ഓസ്ട്രേലിയൻ പാർലമെന്റ് അംഗങ്ങൾ, സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, വിദ്യാഭ്യാസ വിദഗ്ധർ, ഐടി മേഖലയിലെ പ്രതിനിധികൾ, കർഷകർ, സ്റ്റാർട്ടപ്പ് സംരംഭകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ സംരംഭകർ, വ്യവസായികൾ, നിക്ഷേപകർ, വിദ്യാഭ്യാസ വിദഗ്ധർ, ആരോഗ്യ-സാമൂഹിക സേവന മേഖലയിലെ പ്രതിനിധികൾ, കർഷകർ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെടും. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിക്കിടെ ബിസിനസ് മീറ്റിംഗുകൾ, ബി2ബി ചർച്ചകൾ, നിക്ഷേപ സംവാദങ്ങൾ, പഠനയാത്രകൾ, സ്ഥാപന സന്ദർശനങ്ങൾ, പരിശീലനങ്ങൾ, നെറ്റ്വർക്കിങ് സെഷനുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.ഡൽഹി ആസ്ഥാനമായ മനുഷ്യാവകാശ ഫൗണ്ടേഷന്റെ (എച്ച്ആർഎഫ്) പ്രതിനിധികളും ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും. മനുഷ്യാവകാശ സംരക്ഷണം, സാമൂഹിക നീതി, വയോജന ക്ഷേമം, വനിതാ-ശിശു ശാക്തീകരണം, സുസ്ഥിര വികസനം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ചർച്ചകളും സെമിനാറുകളും നടക്കും.സീനിയർ കെയർ മേഖലയിലെ ഓസ്ട്രേലിയൻ മാതൃകകൾ നേരിട്ട് പഠിക്കുന്നതിനായി പ്രതിനിധികൾ വിവിധ സീനിയർ കെയർ ലിവിങ് സ്ഥാപനങ്ങൾ സന്ദർശിക്കും. കൂടാതെ, ആധുനിക കാർഷികരീതികൾ, അഗ്രി ടെക്നോളജി, ഫാം മാനേജ്മന്റ് എന്നിവയുമായി ബന്ധപ്പെട്ട പരിശീലനവും ഫാം സന്ദർശനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സഹകരണം, വിദ്യാർഥി കൈമാറ്റം, ഗവേഷണ പങ്കാളിത്തം, വ്യവസായ-നിക്ഷേപ അവസരങ്ങൾ എന്നിവയും ഫോറത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.
Travel ⏭️


