BUSINESS
മലയാളിയുടെ ഇഡ്ഡലി, ദോശമാവ് കമ്പനി ലോക വിപണിയിലേക്ക്, പറക്കുന്നത് യുഎസ്, യുകെ ഉൾപ്പെടെ 10 രാജ്യങ്ങളിലേക്ക്, ഐപിഒയും പിന്നാലെ

രാജ്യാന്തര വിപണിയിലേക്ക് കൂടുതൽ വ്യാപിക്കാൻ മലയാളിയുടെ ഇഡ്ഡലി, ദോശമാവ് കമ്പനി. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ് എന്ന കമ്പനിയാണ് യുഎസ്, യുകെ, സിംഗപ്പൂർ അടക്കമുള്ള 10 രാജ്യങ്ങളിൽ നിർമാണ ഹബ്ബുകൾ സ്ഥാപിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് സാധ്യമാക്കുമെന്ന് കമ്പനി ചെയർമാനും മലയാളിയുമായ പി.സി മുസ്തഫ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. ഇക്കൊല്ലം ഒക്ടോബറോടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഐഡി ഫ്രഷ് ഒരുങ്ങുന്നതിനിടെയാണിത്.സിംഗപ്പൂർ, ശ്രീലങ്ക, യുഎസ്, യുകെ, യൂറോപ്പ്, കാനഡ തുടങ്ങിയ വിപണികളിലേക്കാണ് കമ്പനി പ്രവർത്തനം വ്യാപിക്കാൻ ഒരുങ്ങുന്നത്. ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഈ രാജ്യങ്ങളിൽ 10 സെൻട്രലൈസ്ഡ് നിർമാണ ഹബ്ബുകൾ സ്ഥാപിക്കും. ഈ കേന്ദ്രത്തിൽ നിന്നായിരിക്കും ഉൽപാദനത്തിന്റെ 95 ശതമാനം ജോലികളും നടക്കുക. ഇത് ഉൽപാദന ചെലവും കുറയ്ക്കാൻ സഹായിക്കും.ഫ്രഷ് ഫുഡ് വിഭാഗത്തിനു പുറമെ മറ്റ് വിഭാഗങ്ങളിലേക്ക് കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണ വിഭവങ്ങളിലേക്ക് കൂടി മാറാനാണ് പദ്ധതി. പാക്കേജ്ഡ് സ്നാക്സ് വിഭാഗവും വിപുലീകരിക്കാനുള്ള പദ്ധതിയുണ്ടെന്നും മുസ്തഫ പറയുന്നു. നിലവിൽ റെഡി ടു കുക്ക് പൊറോട്ട, ഇന്‍സ്റ്റന്‍റ് ഫിൽറ്റർ കോഫി, കോഫി പൊടി, പാൽ ഉൽപന്നങ്ങൾ എന്നിവയും ഐഡി ഫ്രഷ് വിപണിയിലെത്തിക്കുന്നുണ്ട്.മലയാളിയായ പി.സി.മുസ്തഫയും 4 ബന്ധുക്കളും ചേർന്ന് 2005ലാണ് ബെംഗളൂരുവിൽ ഐഡി ഫ്രഷ് എന്ന സ്ഥാപനം തുടങ്ങുന്നത്. 50 ചതുരശ്രഅടി വിസ്തീർണമുള്ള ഒരു ചെറിയ കടയിൽ നിന്ന് ദോശ, ഇഡ്ഡലി മാവ് വിറ്റാണ് തുടക്കം. അതു വിജയിച്ചതോടെ, വൻ നിക്ഷേപങ്ങൾ തേടിയെത്തി.മാർക്കറ്റ് ഇന്‍റലിജൻസ് സ്ഥാപനമായ ‘ട്രാക്‌ഷന്‍റെ’ കണക്കുപ്രകാരം 1,000 കോടിയിലധികം രൂപയുടെ നിക്ഷേപം ഇതുവരെ നേടിയിട്ടുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ 681.37 കോടിയാണ് കമ്പനിയുടെ പ്രവർത്തന ലാഭം. തൊട്ടുമുൻവർഷം ഇത് 557.84 കോടിയായിരുന്നു; 22% വർധന. അടുത്ത നാലു വർഷത്തിനുള്ളിൽ 2500 കോടി രൂപയുടെ വരുമാനത്തിലെത്താനാണ് പദ്ധതി. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് LinkedInൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Travel ⏭️


