NEWS

കാണാതായ കുടുബം 2 ദിവസം കഴിഞ്ഞത് വാഴത്തോട്ടത്തിൽ; മകൻ തിരിച്ചെത്തി വാഹനം ഉപേക്ഷിച്ച് മടങ്ങി


വാണിയംകുളം / എടക്കര ∙ കാണാതായ മൂന്നംഗ കുടുംബത്തെ 8 ദിവസത്തിനു ശേഷം കർണാടകയിലെ ചാമരാജ് നഗറിൽ കണ്ടെത്തി. വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്ന മൂവരും സുരക്ഷിതരാണ്. ഇവരെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു സംഘമായി തിരിഞ്ഞു ഷൊർണൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണു നാടുവിട്ടു പോകാൻ കാരണമെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു നിർണായകമായത്. ഇതിനിടെ നാടുകാണി ചുരത്തിൽ ഇവരുടെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ, മാതാപിതാക്കളെ ചാമരാജ് നഗറിലെ വാടകവീട്ടിൽ എത്തിച്ച ശേഷം വിഷ്ണു തിരിച്ചെത്തി വാഹനം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നു കണ്ടെത്തി. തുടർന്നു വിഷ്ണു ബസിൽ ചാമരാജ് നഗറിലേക്കു പോകുകയായിരുന്നു. ഒൻപതിനു പുലർച്ചെ വീട്ടിൽ നിന്നു സ്വന്തം പിക്കപ് വാഹനത്തിൽ യാത്ര തുടങ്ങിയ കുടുംബം ചെർപ്പുളശ്ശേരി വഴി മലപ്പുറം ജില്ലയിൽ പ്രവേശിച്ച് നാടുകാണി ചുരം വഴി കർണാടകയിലേക്കു കടക്കുകയായിരുന്നു. കേരളത്തിലെയും കർണാടകയിലെയും ആരാധനാലയങ്ങളിലും ലോഡ്ജുകളിലും വരെ പൊലീസ് അന്വേഷണം നീണ്ടു. ഒടുവിലാണു മൈസൂരുവിൽ നിന്ന് 60 കിലോമീറ്റർ മാറി ചാമരാജ് നഗറിൽ ഇവരെ കണ്ടെത്തിയത്.പൊലീസ് ശേഖരിച്ചത് മൂന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ നാടുവിട്ട കുടുംബം മൊബൈൽ ഫോണുകൾ ഓഫാക്കിയതോടെ ടവർ ലൊക്കേഷൻ ഇല്ലാതായത് അന്വേഷണത്തെ വലച്ചു. ഇവർ സഞ്ചരിച്ചതു പിക്കപ് വാഹനത്തിലാണെന്നു മനസ്സിലാക്കിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുന്നൂറിലധികം ദൃശ്യങ്ങളാണു പരിശോധിച്ചത്. ചെർപ്പുളശ്ശേരിയിലൂടെ വാഹനം കടന്നുപോകുന്ന ദൃശ്യം ആദ്യം ലഭിച്ചെങ്കിലും അടുത്ത ദിവസം മലപ്പുറം നാടുകാണി ചുരത്തിനു സമീപം വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ അന്വേഷണം അവിടം കേന്ദ്രീകരിച്ചായി. വഴിക്കടവ്, നിലമ്പൂർ, ബന്ദിപ്പൂർ, ഗുണ്ടൽപ്പേട്ട്, മൈസൂരു വഴി ചാമരാജ് നഗർ വരെയുള്ള മൂന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് കുടുംബത്തെ കണ്ടെത്തിയത്. എട്ടാമത്തെ ദിവസമാണ് അന്വേഷണം കുടുംബത്തിനടുത്തേക്ക് എത്തിയത്.


Fashion ⏭️

Back to top button