BUSINESS

അടുത്ത വർഷം കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനി, കോ-എയർ ഏപ്രിലിൽ, ആദ്യ സർവീസ് ഇങ്ങനെ


കോഴിക്കോട്∙ സഹകരണ മേഖലയിൽ തുടങ്ങാനിരിക്കുന്ന കോ–എയർ വിമാന സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുന്നു. സഹകരണ സംഘത്തിന്റെ റജിസ്ട്രേഷൻ നടപടികൾ 31നു നടത്തും. അടുത്ത വർഷം ഏപ്രിലോടെ സർവീസ് നടത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സഹകരണ മേഖലയിൽ നിന്നു നിക്ഷേപ സമാഹരണം നടത്തി വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം.പദ്ധതിക്കു നേതൃത്വം നൽകുന്ന എംവിആർ കാൻസർ സെന്റർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എൻ.വിജയകൃഷ്ണന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെയും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനെയും കണ്ടു ചർച്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാർ അനുകൂല നിലപാട് എടുത്തതോടെയാണു റജിസ്ട്രേഷൻ നടപടികളിലേക്കു കടക്കുന്നത്. റജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞാൽ സഹകരണ സംഘത്തിന്റെ കീഴിൽ പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങും. 55 ശതമാനം ഓഹരികൾ സഹകരണ സംഘത്തിനും ബാക്കി പൊതുജനങ്ങളിൽ നിന്നു സമാഹരിക്കാനുമാണ് ലക്ഷ്യമിടുന്നത്.ആദ്യ ഘട്ടത്തിൽ 2 വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് കേരളത്തിന് അകത്തും ബെംഗളൂരു, കോയമ്പത്തൂർ, മംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളിലേക്കും സർവീസ് നടത്താനാണ് ആലോചന. ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും പരിഗണനയിലുണ്ട്.


Travel ⏭️

Back to top button