‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി രംഗത്ത്

രമേഷ് പിഷാരടി, ശ്വേത മേനോൻ
കൊച്ചി: നടി ശ്വേത മേനോനെതിരെ എംഎൽഎയും നടനുമായ രമേഷ് പിഷാരടി രംഗത്ത്. അഡ്ഹോക് കമ്മറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് രമേഷ് പിഷാരടിയുടെ ആരോപണം. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേഷ് പിഷാരടി മുൻസിഫ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പരാമർശം.
‘അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് ഞാൻ അഡ്ഹോക്ക് കമ്മറ്റി അദ്ധ്യക്ഷനായത്. തൊട്ടടുത്തദിവസം തന്നെ ഞാൻ അതിൽ നിന്ന് പിന്മാറി. ചുമതല എനിക്ക് യോജിച്ചതല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. ശ്വേതാ മേനോൻ അമ്മയിൽ നിന്ന് രാജിവച്ചതാണ്. എന്നാൽ അമ്മയുടെ മിനിറ്റ്സ് ബുക്ക് അടക്കം രേഖകൾ ഒന്നും കൈമാറിയില്ല’- പിഷാരടി പറഞ്ഞു. തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തരകലഹം തുടരുന്നതിനിടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം എറണാകുളം മുനിസിഫ് കോടതി വിലക്കിയിരുന്നു. ശ്വേതാമേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ ഭരണസമിതിക്ക് തുടരാം. അഡ്ഹോക് കമ്മിറ്റിയുടെ പേരിൽ യോഗം ചേരാനോ പ്രമേയം പാസാക്കാനോ പാടില്ല എന്നായിരുന്നു കോടതി അറിയിച്ചത്. ശ്വേതാമേനോൻ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് നിയമാവലിക്ക് വിരുദ്ധമാണെന്നാണ് ശ്വേതാമേനോന്റെ വാദം.
കഴിഞ്ഞ 21ന് ചേർന്ന പൊതുയോഗത്തിൽ രാജിവയ്ക്കുന്നതായി ശ്വേതാമേനോൻ അറിയിച്ചിരുന്നു. മറ്റു ഭാരവാഹികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്നാൽ, ആരും രാജിക്കത്ത് സമർപ്പിച്ചില്ല. ശ്വേതാമേനോൻ ഉൾപ്പെടെ യോഗത്തിൽനിന്ന് പോയശേഷമാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്.
പൊതുയോഗത്തിൽ രാജി പ്രഖ്യാപിച്ച ആരും രേഖാമൂലം രാജിക്കത്ത് സമർപ്പിച്ചില്ലെന്നും ശ്വേതാമേനോൻ വഞ്ചിച്ചെന്നും രമേഷ് പിഷാരടി, കെ.ബി. ഗണേശ്കുമാർ എന്നിവർ പറഞ്ഞിരുന്നു. പിന്നാലെ, നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് ശ്വേത പ്രഖ്യാപിച്ചിരുന്നു.നാലുപേർ രാജിവച്ചെങ്കിലും ഭരണസമിതി നിലവിലുണ്ടെന്നും വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവരാണ് കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയത്. അൻസിബ ഹസൻ കഴിഞ്ഞ ജനുവരിയിൽ രാജിവച്ചിരുന്നു. ഇവരൊഴികെ 17അംഗ സമിതിയിലെ മറ്റാരും രാജിക്കത്ത് നൽകിയിട്ടില്ല.
RELATED TOPICS: RAMESH PISHARODY, SWETHA MENON, RAMESH PISHARODY STATEMENT, SWETHA MENON CONTROVERSY, RAMESH PISHARODY SWETHA MENON
Read News ⏭️


