BUSINESS
ഗ്രാമത്തിലോ നഗരത്തിലോ വീട്? നികുതിയും രജിസ്‌ട്രേഷനും ലാഭിക്കാന്‍ എവിടെ സ്ഥലം വാങ്ങണം; സാമ്പത്തിക വശങ്ങള്‍ അറിയൂ

Panchayat vs Corporation Property Tax Kerala : സ്വന്തമായൊരു ഭവനം നിര്‍മ്മിക്കുകയോ വാങ്ങുകയോ ചെയ്യുക എന്നത് ഏതൊരു കുടുംബത്തിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. വീട് എന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുന്നതിനു മുമ്പ് നിങ്ങള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് ഒരുപക്ഷെ വലിയ സാമ്പത്തിക നേട്ടം നല്‍കിയേക്കും. സ്വപ്നഭവനം ഗ്രാമത്തിന്റെ ശാന്തതയിലോ, നഗരത്തിന്റെ സൗകര്യങ്ങളിലോ എന്നതാണ് പ്രധാന ചോദ്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഞ്ചായത്തിലോ അതോ നഗരസഭയിലോ വേണോ എന്നതാണ് ചോദ്യം. ഇതിന ഉത്തരം കിട്ടണമെങ്കില്‍ സാമ്പത്തികമായി ഇവ രണ്ടും തമ്മിലുള്ള വലിയ വ്യത്യാസങ്ങളും, നികുതി- രജിസ്‌ട്രേഷന്‍ ഭാരങ്ങളും കൃത്യമായി മനസിലാക്കണം. ഭൂമിവില, നികുതികള്‍, പെര്‍മിറ്റ് ഫീസുകള്‍, രജിസ്‌ട്രേഷന്‍ ചെലവുകള്‍ എന്നിവയാണ് താഴെ പറയുന്നത്. ഭൂമിവിലയും ഫെയര്‍ വാല്യൂവും (Land Cost & Fair Value)ഗ്രാമപ്രദേശങ്ങളില്‍ പൊതുവേ വില കുറവായിരിക്കും. സെന്റിന് വിലയും സര്‍ക്കാരിന്റെ ന്യായാവിലയും കുറവായിരിക്കും. അതിനാല്‍ ഇവിടെ കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലം വാങ്ങാന്‍ സാധിക്കും.നഗരപ്രദേശങ്ങളില്‍ വില ഉയര്‍ന്നിരിക്കും. സ്ഥലപരിമിതിയും ഉയര്‍ന്ന ആവശ്യകതയും കാരണം സെന്റിന് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ വിലവരും. സര്‍ക്കാരിന്റെ ന്യായാവിലയും ഇവിടെ വളരെ ഉയര്‍ന്നതായിരിക്കും.രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും (Registration & Stamp Duty)കേരളത്തില്‍ ഗ്രാമമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ പൊതുവായ വില്‍പ്പന ആധാരങ്ങള്‍ക്ക് 8% സ്റ്റാമ്പ് ഡ്യൂട്ടിയും, 2% രജിസ്‌ട്രേഷന്‍ ഫീസും ബാധകമാണ്. അതായത് മൊത്തം 10% നിരക്ക് വരും. സ്ഥലത്തിന്റെ യഥാര്‍ത്ഥ കരാര്‍ തുകയാണോ, അതോ സര്‍ക്കാരിന്റെ ന്യായാവിലയാണോ കൂടുതല്‍, ആ തുകയ്ക്കാകും 10% നികുതിയായി അടക്കേണ്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒന്നാണെങ്കില്‍ കൂടി, നഗരങ്ങളില്‍ ഭൂമിവിലയും ന്യായാവിലയും വളരെ ഉയര്‍ന്നതായതിനാല്‍ ആകെ നല്‍കേണ്ടിവരുന്ന രജിസ്‌ട്രേഷന്‍ തുകയും ഗ്രാമങ്ങളേക്കാള്‍ വളരെ വലുതായിരിക്കും.ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസും പ്ലാന്‍ അനുമതിയും (Building Permit & Scrutiny Fees)ഗ്രാമപ്രദേശങ്ങളില്‍ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ (KPBR) പ്രകാരം പെര്‍മിറ്റ് ഫീസും, സ്‌ക്രൂട്ടിനി ഫീസും കുറവാണ്. ഇത് ചതുരശ്ര മീറ്ററിന് ഏകദേശം 2 മുതല്‍ 5 രൂപ വരെയാണ്. നഗരപ്രദേശങ്ങളില്‍ (മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍) കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളാണ് (KMBR) ബാധകം. അതിനാല്‍ പെര്‍മിറ്റ് നിരക്കുകള്‍ ഉയര്‍ന്നതാണ്. ചതുരശ്ര മീറ്ററിന് 5 മുതല്‍ 15 രൂപ വരെയോ അതില്‍ കൂടുതലോ വരാം.കെട്ടിട നികുതിയും തദ്ദേശ നികുതികളും (Property Tax & Local Taxes)പഞ്ചായത്തുകള്‍ ഈടാക്കുന്ന വാര്‍ഷിക കെട്ടിട നികുതി (Property Tax) താരതമ്യേന കുറവാണ്. നഗരസഭകളും കോര്‍പ്പറേഷനുകളും വീടിന്റെ വിസ്തീര്‍ണ്ണവും, ലൊക്കേഷനും അടിസ്ഥാനമാക്കി ഉയര്‍ന്ന വാര്‍ഷിക വസ്തുനികുതി ഈടാക്കുന്നു. കൂടാതെ വേസ്റ്റ് മാനേജ്മെന്റ് ഫീസ്, ഡ്രെയിനേജ് സെസ് തുടങ്ങിയ അധിക തദ്ദേശ നികുതികളും ഉണ്ടാകും.നിര്‍മ്മാണച്ചെലവുകള്‍ (Construction Costs)ഗ്രാമപ്രദേശങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കാന്‍ വിശാലമായ സ്ഥലം ലഭിക്കും. പണിക്കാരുടെ ദിവസക്കൂലിയിലും കുറവുണ്ടാകാം. നഗരപ്രദേശങ്ങളില്‍ സാധനങ്ങള്‍ ഇറക്കിവെക്കാന്‍ സ്ഥലപരിമിതി നേരിടാം. രാത്രികാലങ്ങളിലോ, നിര്‍ദ്ദിഷ്ട സമയങ്ങളിലോ ശബ്ദമുണ്ടാക്കുന്ന പണികള്‍ ചെയ്യാന്‍ നിയന്ത്രണങ്ങളുണ്ടാകും. തൊഴിലാളികളുടെ കൂലിയും വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ചെലവും കൂടുതലായിരിക്കും.ദൈനംദിന ജീവിതച്ചെലവും പരിപാലനവും (Maintenance & Living Costs)ഗ്രാമപ്രദേശങ്ങളില്‍ സ്വന്തമായി കിണര്‍ വെള്ളം ഉപയോഗിക്കാം. മാസാമാസം അടക്കേണ്ട ഫ്‌ലാറ്റ്, കമ്മ്യൂണിറ്റി മെയ്ന്റനന്‍സ് ചാര്‍ജുകള്‍ ഉണ്ടാകില്ല. നഗരപ്രദേശങ്ങളില്‍ പ്രധാന വരുമാന സ്രോതസ് നഗരസഭാ ജലവിതരണത്തെയോ, ടാങ്കറുകളോ ആയിരിക്കാം. അപ്പാര്‍ട്ട്മെന്റുകളിലോ ഗേറ്റഡ് കമ്മ്യൂണിറ്റികളിലോ ആണെങ്കില്‍ മാസംതോറും വലിയൊരു തുക മെയ്ന്റനന്‍സ് ഫീസായി നല്‍കേണ്ടിവരും.ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയും വരുമാനവും (Appreciation & ROI)ഗ്രാമപ്രദേശങ്ങളില്‍ ഭൂമിയുടെ വില വര്‍ധിക്കുന്നത് സാവധാനത്തിലായിരിക്കും. വാടകയ്ക്ക് നല്‍കിയാല്‍ ലഭിക്കുന്ന വരുമാനവും കുറവായിരിക്കും. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ ആളുകള്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാനുള്ള ട്രെന്‍ഡ് കാണിക്കുന്നു. ഇത് ഗ്രാമപ്രാദേശങ്ങളില്‍ സ്ഥലത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. വിലയും ഉയരുന്നുണ്ട്. നഗരപ്രദേശങ്ങളില്‍ ഭൂമിയുടെയും, വീടിന്റെയും മൂല്യം വളരെ വേഗത്തില്‍ വര്‍ധിക്കുന്നു. ഭാവിയില്‍ വീടോ ഫ്‌ലാറ്റോ വാടകയ്ക്ക് നല്‍കിയാല്‍ ഉയര്‍ന്ന പ്രതിമാസ വരുമാനം നേടാനാകും.
Read News


