BUSINESS

ഒരു രൂപ പോലും നികുതിയില്ലാത്ത സാധനങ്ങളും സേവനങ്ങളും; 0% ജിഎസ്ടി പട്ടികയും കാരണങ്ങളും അറിയാം


GST Exempted Goods and Services: രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ് എന്നു പറയുമ്പോഴും നികുതി എന്നും പലര്‍ക്കും തലവേദനയാണ്. ആരും തന്നെ നികുതിയെ ഇഷ്ടപ്പെടുന്നില്ല. തുച്ഛമായി ലഭിക്കേണ്ട ഇന്ധനം പോലും കടുത്ത നികുതികളെ തുടര്‍ന്നാണ് പണപ്പെരുപ്പത്തിന് മൂലകാരണമാകുന്നത്. സാധാരണക്കാരന്റെ പോക്കറ്റിനെയും, സമ്പാദ്യത്തെയും അടക്കം നികുതികള്‍ ബാധിക്കുന്നു. അതേസമയം ഇന്ത്യയില്‍ ഒരു രൂപ പോലും നികുതി നല്‍കാതെ ലഭിക്കുന്ന ചില സാധനങ്ങളും, സേവനങ്ങളും ഉണ്ട്. ഇന്ത്യയില്‍ 0% ജിഎസ്ടി നിശ്ചയിച്ചിട്ടുള്ള പ്രധാന സാധനങ്ങളെക്കുറിച്ചും, സര്‍ക്കാരുകള്‍ അവയ്ക്ക് നികുതി ചുമത്താത്തതിന് പിന്നിലെ ജനക്ഷേമ ലക്ഷ്യങ്ങളെക്കുറിച്ചും മനസിലാക്കാം. നികുതിയില്ലാത്ത സാധനങ്ങള്‍ (Goods) ബ്രാന്‍ഡ് ചെയ്യാത്തതും, പാക്ക് ചെയ്യാത്തതുമായ അരി, ഗോതമ്പ്, ചെറുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, മാവുകള്‍, എണ്ണകള്‍ പോലുള്ള അടിസ്ഥാന ഭക്ഷണപദാര്‍ത്ഥങ്ങള്‍. പ്രോസസ്സ് ചെയ്യാത്ത പുതിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും. പാക്കറ്റിലല്ലാത്ത ശുദ്ധമായ പാല്‍, തൈര്, മോര്, മുട്ട, പ്രോസസ് ചെയ്യാത്ത പച്ചമാംസം, മത്സ്യം പോലുള്ളവ. ഉപ്പ്, ശര്‍ക്കര, അച്ചടിച്ച പുസ്തകങ്ങള്‍, ദിനപത്രങ്ങള്‍, കോണ്ടം തുടങ്ങിയ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍. ഖാദി നൂലുകള്‍, കൈത്തറി വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ പോലുള്ള പാരമ്പര്യ- കൈത്തറി ഉല്‍പ്പന്നങ്ങള്‍. ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളിലെ വഴിപാടുകളും, പ്രസാദവും.നികുതിയില്ലാത്ത സേവനങ്ങള്‍ (Services) ആശുപത്രികള്‍, ഡോക്ടര്‍മാരുടെ പരിശോധനകള്‍, ആംബുലന്‍സ് സേവനങ്ങള്‍, ലാബ് പരിശോധനകള്‍ പോലുള്ള ആരോഗ്യ സേവനങ്ങള്‍. സ്‌കൂളുകള്‍, കോളേജുകള്‍, അംഗീകൃത സര്‍വ്വകലാശാലകള്‍ എന്നിവ നല്‍കുന്ന വിദ്യാഭ്യാസ സേവനങ്ങള്‍. മെട്രോ റെയില്‍, ലോക്കല്‍ ട്രെയിനുകള്‍, നോണ്‍- എസി ബസുകള്‍, ഓട്ടോറിക്ഷകള്‍ പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍. കൃഷിപ്പണി, വിളവെടുപ്പ്, വിതയ്ക്കല്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രാഥമിക സംഭരണം. വ്യക്തിഗത താമസ ആവശ്യങ്ങള്‍ക്കായി വീട് വാടകയ്ക്ക് നല്‍കുന്നത്.എന്തുകൊണ്ടാണ് ഇവയ്ക്ക് നികുതി ഇല്ല? സാധാരണക്കാരുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് മുകളില്‍ പറഞ്ഞ സാധനങ്ങള്‍ക്കും, സേവനങ്ങള്‍ക്കും നികുതി ഒഴിവാക്കിയിരിക്കുന്നത്. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, താമസം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ ദിവസേന വാങ്ങുന്ന അരി, പാല്‍, പച്ചക്കറി തുടങ്ങിയ വസ്തുക്കള്‍ക്ക് നികുതി ചുമത്തിയാല്‍ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുകയും, പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. കര്‍ഷകരെയും ഗ്രാമീണ മേഖലയെയും പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് പ്രോസസ് ചെയ്യാത്ത കാര്‍ഷിക വിളകള്‍ക്ക് നികുതി ഒഴിവാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാനും, ഗ്രാമീണ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കുന്നു.വരുമാനം കുറഞ്ഞവരും, ഉയര്‍ന്നവരും ഒരുപോലെ വാങ്ങുന്ന അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നികുതി ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് വന്‍ സാമ്പത്തിക ഭാരമുണ്ടാക്കും. ഇത് രാജ്യത്ത് വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. വിദ്യാഭ്യാസവും, മികച്ച ചികിത്സയും നികുതിരഹിതമാക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് ഇവ പ്രാപ്യമാവുകയും രാജ്യത്തിന്റെ മാനവവിഭവശേഷി ഉയരുകയും ചെയ്യും.(ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് നികുതി രഹിത ഉല്‍പ്പന്നങ്ങളുടെയും, സേവനങ്ങളുടെയും പട്ടിക മാറാം. പ്രീ- പാക്ക് ചെയ്തതും ബ്രാന്‍ഡ് ചെയ്തതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് 5% ജിഎസ്ടി നിലവില്‍ ബാധകമാണ്.)


Read News

Back to top button