BUSINESS

210 കോടി രൂപയുടെ നിക്ഷേപം നേടി പ്രിവലെന്റ് എഐ; മലയാളി–ബ്രിട്ടിഷ് എഐ കമ്പനിയുടെ ഡവലപ്മെന്റ് സെന്റർ കൊച്ചിയിൽ


കൊച്ചി ∙ മലയാളി–ബ്രിട്ടിഷ് എഐ കമ്പനിയായ പ്രിവലെന്റ് എഐ നേടിയ വമ്പൻ നിക്ഷേപം കമ്പനിയുടെ കൊച്ചി ഡവലപ്മെന്റ് സെന്ററിലും വികസനത്തിനു വഴിയൊരുക്കുമെന്നു സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ അരുൺ എസ്.രാജ്. യുകെയിലെ ലണ്ടൻ ആസ്ഥാനമായി 2017ൽ പ്രവർത്തനമാരംഭിച്ച പ്രിവലെന്റ് എഐ, അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇന്റഗ്രിറ്റി ഗ്രോത്ത് പാർട്നേഴ്സിൽ നിന്ന് 22 മില്യൻ ഡോളറിന്റെ (ഏകദേശം 210 കോടി രൂപ) മൂലധന നിക്ഷേപമാണു സമാഹരിച്ചത്. ഇതുവരെ കമ്പനിയുടെ ഫോക്കസ് യൂറോപ്പും ഓസ്ട്രേലിയയും സിംഗപ്പൂരും ആയിരുന്നു. ഇനി, കുറച്ചു കൂടി ഗ്ലോബൽ ഫോക്കസ് ഉണ്ടാകും. സ്വാഭാവികമായും കേരളത്തിലും കമ്പനിയുടെ പ്രവർത്തനങ്ങളിൽ വിപുലീകരണമുണ്ടാകുമെന്നും അരുൺ രാജ് പറഞ്ഞു.പുറം നിക്ഷേപം സ്വീകരിക്കാതെ 9 വർഷംഅരുൺ രാജും യുകെ സ്വദേശിയായ പോൾ സ്റ്റോക്‌‌‌‌സും ചേർന്ന് 2017ലാണു കമ്പനിക്കു തുടക്കമിട്ടത്. ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസിയായ ജിസിഎച്ച്ക്യു മുൻ ഡയറക്ടർ സർ ഇയാൻ ലോബൻ ഉൾപ്പെടെയുള്ള വിദഗ്ധരാണു കമ്പനിയുടെ ഉപദേശക നിരയിലുള്ളത്. കമ്പനി 9–ാം വർഷമാണു പുറത്തു നിന്നു നിക്ഷേപം സ്വീകരിച്ചത്. ഇതുവരെ പ്രവർത്തിച്ചതും വികസനം നടത്തിയതും പൂർണമായും കമ്പനിയുടെ വരുമാനം ഉപയോഗിച്ചായിരുന്നു. ഇൻഫോ പാർക്കിലാണു ഡവലപ്മെന്റ് സെന്റർ. വൻതുകയുടെ നിക്ഷേപം എത്തിയതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സാധ്യതയേറെ.കമ്പനികൾ‌ക്ക് സൈബർ കവചംസൈബർ സെക്യൂരിറ്റി–എന്റർപ്രൈസ് എഐ ഡേറ്റ പ്ലാറ്റ്‌ഫോമായ പ്രിവലെന്റ് എഐ സൈബർ സുരക്ഷാ മേഖലയിലാണു ബഹുരാഷ്ട്ര കോർപറേറ്റ് കമ്പനികൾക്കു സുരക്ഷയൊരുക്കുന്നത്. പുതിയ നിക്ഷേപം യുഎസ് വിപണിയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സൈബർ സുരക്ഷയ്ക്കു പുറമേ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ഉപയോഗിക്കും. ആഗോളതലത്തിൽ ബാങ്കുകൾ, ടെലികോം കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങി‌യവയ്ക്കാണു കമ്പനി സൈബർ സുരക്ഷയൊരുക്കുന്നത്.


Travel ⏭️

Back to top button