BUSINESS

വിൽക്കുന്നതാണ് ബുദ്ധി; ഇന്ത്യയിൽ ബാക്കിയുള്ളത് 700 കോടി ലിറ്റർ എഥനോൾ, ബംഗ്ലാദേശിലേക്ക് അടക്കം കയറ്റുമതി നടത്താൻ ശ്രമം


ഇന്ത്യയിലെ എഥനോൾ വിപ്ലവം കയറ്റുമതി സാധ്യതകൾ തുറന്നിടുകയും, രാജ്യത്ത് എഥനോളിന്റെ കരുതൽ ശേഖരം ഉറപ്പാക്കുകയും ചെയ്യുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. 700 കോടി ലിറ്ററിന്റെ അധിക എഥനോൾ ശേഷിയാണ് നിലവിൽ രാജ്യത്തിനുള്ളത്. കൂടുതൽ പ്രൊഡക്ഷൻ കപ്പാസിറ്റി രൂപപ്പെടുത്തുന്ന തിരക്കിലുമാണ് ഇന്ത്യ. ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ എഥനോൾ കയറ്റുമതി നടത്താൻ ഒരുങ്ങുകയാണ്. ഇ-20 ടാർഗറ്റ്നിശ്ചയിച്ചതിലും നേരത്തെ രാജ്യമെങ്ങും E20 (20% എഥനോൾ+80% പെട്രോൾ) ടാർഗറ്റ് കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ഡിസ്റ്റിലറികൾക്ക് പ്രോത്സാഹനം നൽകിയും, പുതിയ പ്രൊജക്ടുകൾക്ക് ബാങ്കുകൾ ഫിനാൻസിങ് ലഭ്യമാക്കിയും, എണ്ണക്കമ്പനികൾ ദീർഘകാല കരാറിൽ ഏർപ്പെട്ടു കൊണ്ടും, നിക്ഷേപകർ സഹസ്രകോടികൾ എഥനോൾ മാനുഫാക്ചറിങ് നിക്ഷേപം നടത്തിയുമാണ് ഇത് സുസാദ്ധ്യമായത്. ഇത്തരത്തിൽ 2030ൽ നിശ്ചയിച്ചിരുന്ന ടാർഗറ്റ് 5 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യ നേടിയെടുത്തു. എന്നാൽ അധികമായി എഥനോൾ കുമിഞ്ഞു കൂടി എന്ന അനന്തരഫലവും ഇവിടെയുണ്ടായി. ഇത് എഥനോൾ കയറ്റുമതി സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചില കണക്കുകൾകെയർ എഡ്ജ് റേറ്റിങ്സിന്റെ 2026 മെയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ എഥനോൾ പ്രൊഡക്ഷൻ ശേഷി നിലവിൽ വാർഷികാടിസ്ഥാനത്തിൽ 20 ബില്യൺ ലിറ്ററുകൾ മറികടന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ 4 ബില്യൺ എഥനോൾ കൂടി ഉല്പാദിപ്പിക്കപ്പെടുന്നതോടെ ആകെ ശേഷി 24 ബില്യൺ ലിറ്ററുകളായി മാറും. കേന്ദ്ര സർക്കാരിന്റെ E20 ബ്ലെൻഡിങ് പ്രോഗ്രാം അനുസരിച്ച് 11 ബില്യൺ ലിറ്ററുകളാണ് ഒരു വർഷം രാജ്യത്തെ പമ്പുകളിലേക്ക് വേണ്ടി വരുന്നത്. ലിക്കർ നിർമാതാക്കൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, കെമിക്കൽ പ്രൊഡ്യൂസർമാർ തുടങ്ങിയവർ മറ്റൊരു 3-3.5 ബില്യൺ ലിറ്റർ എഥനോൾ ഉപയോഗിക്കുന്നതായിട്ടാണ് കണക്കുകൾ. ഇവിടെ വീണ്ടും കോടിക്കണക്കിന് ലിറ്റർ എഥനോൾ ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ കയറ്റുമതി സാധ്യതകൾ ആരായുന്നത്. നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്കാണ് തുടക്കത്തിൽ വില്പന പരിഗണിക്കുന്നത്. ഈ രാജ്യങ്ങളിലും എഥനോൾ ബ്ലെൻഡിങ് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ തദ്ദേശീയമായ പ്രൊഡക്ഷൻ ശേഷി കുറവായതിനാൽ എഥനോൾ ദൗർലഭ്യം അനുഭവപ്പെടുന്നു. ഈ വിടവ് അവസരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വലിയ ഡിസ്റ്റിലറികളും, ഭീമമായ നിക്ഷേപവുമുള്ള ഇന്ത്യയ്ക്ക് ഏത് സമയത്തും മാർക്കറ്റിലെ ഡിമാൻഡിനേക്കാൾ എഥനോൾ ഉല്പാദിപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇന്റർനാഷണൽ ഡിമാൻഡിനേക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ ഡിസ്റ്റിലറി ശേഷി വികസിക്കുന്നത്. എഥനോൾ കയറ്റുമതി വഴി ലഭിക്കുന്ന ലാഭം സർക്കാരിന് നേരിട്ടും, പരോക്ഷമായി നിക്ഷേപകർക്കും, കർഷകർക്കും നേട്ടമാണ്.


Read News

Back to top button