NEWS

ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് മൃതദേഹം; അഭിരാമും സുഹൃത്തുക്കളും മുൻപും എത്തിയതെന്ന് നാട്ടുകാർ

തിരുവനന്തപുരം പാങ്ങപ്പാറയിൽ ദാരുണമായി കൊല്ലപ്പെട്ട അഭിരാമും കൂട്ടുകാരും നേരത്തെയും ഇതേ സ്ഥലത്ത് എത്തിയതായി പ്രദേശവാസികൾ പറയുന്നു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ഇവർ പാങ്ങപ്പാറ കമുക്ലിൻകോട് ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായി നാട്ടുകാർ സംശയിക്കുന്നു. പ്രധാന പാതയിൽ നിന്നും ഒരല്പം മാറിയുള്ള, ആളൊഴിഞ്ഞ ഒരു പ്രദേശത്താണ് അഭിരാമിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പതിനേഴുകാരനെയും കൂട്ടി പൊലീസ് തെളിവെടുപ്പിനായി എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പാങ്ങപ്പാറ ജൂഡ് എർത്ത് നഗർ റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി നാലുമാസം മുൻപാണ് ഇവിടെ ഓട നിർമ്മാണം തുടങ്ങിയത്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികൾ ഒഴികെ മറ്റാരും തന്നെ ഈ വഴി സഞ്ചരിക്കാറില്ല.

ഈ റോഡിൽ നിന്ന് ഏകദേശം 250 മീറ്റർ മാറി ബണ്ട് റോഡിലേക്ക് പ്രവേശിച്ചാൽ, ഇരുവശത്തും കാടുപിടിച്ച് വിജനമായ പുരയിടമാണ് കാണാനാവുക. ഇത്തരമൊരു ഒറ്റപ്പെട്ട സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിലാണ് അഭിരാമിന്റെ മൃതദേഹം കണ്ടെടുത്തത്.

Fashion ⏭️

Back to top button