NEWS

അജിത് ഡോവലിനും സാമന്ത് ഗോയലിനും അമേരിക്കൻ കോടതിയുടെ സമൻസ്: പ്രതികരണവുമായി ഇന്ത്യ

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോയുടെ മുൻ മേധാവിയായിരുന്ന സാമന്ത് ഗോയൽ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ആഭ്യന്തരവകുപ്പ് സമൻസ് അയച്ച സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. അമേരിക്കൻ കോടതിയുടെ നിർദേശപ്രകാരം അയച്ച ഈ സമൻസുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്.

ഖലിസ്ഥാൻ അനുകൂല ഭീകരനായി മുദ്രകുത്തപ്പെട്ട ഗുർപർവന്ത് സിങ് പന്നു നൽകിയ പരാതിയിലാണ് യുഎസ് കോടതി അജിത് ഡോവലിനും സാമന്ത് ഗോയലിനും അടക്കം സമൻസ് പുറപ്പെടുവിച്ചത്. 2023-ൽ ന്യൂയോർക്ക് കേന്ദ്രീകരിച്ച് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് പന്നു കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിൽ ഇവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് നടപടികൾ ആരംഭിച്ചത്. വാഷിങ്ടനിലെ ഇന്ത്യൻ എംബസി മുഖേനയാണ് യുഎസ് ആഭ്യന്തരവകുപ്പ് ഈ സമൻസ് കൈമാറിയത്.

അതേസമയം, ഇതൊരു സാധാരണ നിയമനടപടി മാത്രമാണെന്നും ആരോപണങ്ങളിൽ തങ്ങൾ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും യുഎസ് അധികൃതർ വിശദീകരണം നൽകുന്നുണ്ട്. നവംബർ 13-നാണ് ഈ സമൻസ് പുറപ്പെടുവിക്കാൻ യുഎസ് കോടതി ഉത്തരവിട്ടത്. എന്നാൽ, പന്നു ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതും ദുഷ്ടലാക്കോടെയുള്ളതുമാണെന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

Fashion ⏭️

Back to top button