എഐസിസി സെക്രട്ടറിമാരുടെ പുനഃസംഘടന: കേരളത്തിൽനിന്ന് സൈമൺ അലക്സും എസ്.ശരത്തും

ന്യൂഡൽഹി: എഐസിസി സെക്രട്ടറിമാരുടെ ചുമതലകളിൽ നിർണ്ണായകമായ അഴിച്ചുപണിയുമായി ഹൈക്കമാൻഡ്. പുതുമുഖങ്ങൾക്ക് അവസരം നൽകിയും പഴയമുഖങ്ങളെ മാറ്റിയും നടത്തിയ ഈ പുനഃസംഘടനയിൽ കേരളത്തിൽനിന്നുള്ള നേതാക്കൾക്കും സുപ്രധാന പദവികൾ ലഭിച്ചു. ഇതിൻപ്രകാരം, തെലങ്കാനയുടെ ചുമതലയുള്ള സെക്രട്ടറിയായി സൈമൺ അലക്സിനെയും കർണാടകയുടെ ചുമതലയിലേക്ക് എസ്. ശരത്തിനെയും നിയമിച്ചു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ കൊല്ലം സ്വദേശിയാണ് സൈമൺ അലക്സ്. ആലപ്പുഴയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിയാണ് ശരത്.
യുപി, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന മലയാളി നേതാവ് അനിൽ എ. തോമസിനെ മേഘാലയ, മിസോറം, അരുണാചൽ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല ഏൽപ്പിച്ചു. നിലവിൽ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ് അനിൽ. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും പുതിയ ചുമതലകൾ തമിഴ്നാട്ടിൽനിന്നുള്ള മയൂര എസ്. ജയകുമാർ, മഹാരാഷ്ട്രയിൽനിന്നുള്ള ഗണേഷ് കുമാർ യാദവ് എന്നിവർ പങ്കിടും. നിലവിൽ എഐസിസി സെക്രട്ടറിയാണ് മയൂര. തെലങ്കാനയുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് അധ്യക്ഷനാണ് ഗണേഷ് കുമാർ യാദവ്. നേരത്തെ കേരളത്തിന്റെ ചുമതലയിലുണ്ടായിരുന്ന പി.വി. മോഹനൻ, മൻസൂർ അലി ഖാൻ, അറിവഴകൻ എന്നിവർ സ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ.




