NEWS

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി ഡിജിപി

അടൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യം, ശ്രീനാദേവി കുഞ്ഞമ്മ

തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങൾ അതീവ ഗൗരവകരമായ കാര്യമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും അനുയായികളും അടൂർ സ്റ്റേഷനിൽ നടത്തിയ അനിഷ്ട സംഭവങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിലെ വീഴ്ചകൾ കർശനമായി പരിശോധിക്കും. ജനപ്രതിനിധികൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നതിൽ അസ്വാഭാവികതയൊന്നുമില്ല, എന്നാൽ നിയമപരിധി ലംഘിക്കുന്ന തരത്തിൽ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് റവാഡ ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. സ്റ്റേഷനിൽ അരങ്ങേറിയ സംഭവത്തിൽ ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തി എന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യുട്യൂബർ രാജൻ ജോസഫിനെ ജൂലൈ 11-ന് രാത്രി പത്തരയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ച സമയത്താണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മയും രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായിയായ ഫെന്നി നൈനാൻ അടക്കമുള്ള പ്രവർത്തകരും സെല്ലിലുള്ള രാജൻ ജോസഫിനെ സമീപിക്കുകയും തട്ടിക്കയറുകയും ചെയ്യുന്നത് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.

അതേസമയം, രാജൻ ജോസഫിനെ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷനിൽ വെച്ച് അക്രമം നടത്തിയിട്ടില്ലെന്നും പ്രതിയെ തിരിച്ചറിയാൻ വേണ്ടിയാണ് പൊലീസ് നിർദ്ദേശപ്രകാരം എത്തിയതെന്നും അവർ പറയുന്നു. തനിക്ക് മർദ്ദനമേറ്റിട്ടില്ലെന്ന് രാജൻ ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും, സെല്ലിന് പുറത്തുനിന്നുകൊണ്ട് ‘സുഖമാണോ ചേട്ടാ’ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ ന്യായീകരിച്ചു.

Sports ⏭️

Read News ⏭️

Back to top button