ഫ്ളാറ്റിനുള്ളിലെ നടത്തം; 20,000 ചുവടുകളിലൂടെ 14 കിലോ കുറച്ച അനുഭവം

ശരീരഭാരം കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ഇതിനായി കഠിനമായ ഭക്ഷണക്രമീകരണങ്ങളും വ്യായാമങ്ങളും ഡയറ്റുകളും പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ അമിതഭാരം കുറയ്ക്കാൻ തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെ സഞ്ചരിച്ച് ശ്രദ്ധേയയാവുകയാണ് ഫിറ്റ്നസ് ഇൻഫ്ളുവൻസറായ അംബിക സാഗർ. വലിയ ചിലവുകളോ ക്ലേശകരമായ പരിശീലനങ്ങളോ ഇല്ലാതെ, വെറും നടത്തം ശീലമാക്കിയാണ് അവർ 14 കിലോ ശരീരഭാരം കുറച്ചതെന്ന് വെളിപ്പെടുത്തുന്നു.
തന്റെ ചെറിയ ഫ്ലാറ്റിനുള്ളിൽ നടന്നുകൊണ്ട് ഈ നേട്ടം കൈവരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അംബിക. 90 കിലോയിൽ നിന്ന് തന്റെ ഭാരം കുറയ്ക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഇതിനായി ട്രെഡ്മില്ലോ ജിം ഉപകരണങ്ങളോ ഒന്നും തന്നെ അവർ ഉപയോഗിച്ചിരുന്നില്ല. സ്വന്തം താമസസ്ഥലത്തെ സൗകര്യം മാത്രം പ്രയോജനപ്പെടുത്തിക്കൊണ്ട് അവർ നടത്തം ദിനചര്യയാക്കി മാറ്റി.
ഇൻസ്റ്റാഗ്രാം വഴിയാണ് അംബിക തന്റെ ഈ വിജയഗാഥ ലോകവുമായി പങ്കുവെച്ചത്. ദിവസവും 20,000 ചുവടുകൾ നടക്കുക എന്നത് തന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമാണെന്ന് അവർ പറയുന്നു. കേവലം നടത്തം മാത്രമല്ല, ചിട്ടയായ ജീവിതശൈലിയും ഈ നേട്ടത്തിന് പിന്നിലുണ്ട്. ഭാരം കുറഞ്ഞതിനേക്കാൾ ഉപരി, തന്നെത്തന്നെ കാണുന്ന രീതിയിൽ വന്ന മാറ്റമാണ് വലിയ വിജയമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
തന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ ഉൾപ്പെടുത്തി അംബിക ഇങ്ങനെ കുറിച്ചു, ”ഒരേ വസ്ത്രം ധരിക്കുമ്പോൾ അന്ന് കണ്ട അംബികയല്ല ഇന്നത്തെ അംബിക. 90 കിലോയിൽ നിന്ന് 76 കിലോയിലേക്ക് എത്തിയപ്പോൾ 14 കിലോയുടെ കുറവാണ് രേഖപ്പെടുത്തിയത്. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ ഇപ്പോൾ എനിക്ക് കഴിയുന്നു. സ്ഥിരതയോടെ മുന്നോട്ട് പോയാൽ ആർക്കും ഈ മാറ്റം സാധ്യമാണ്.” ‘ദി ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലും, തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതിൽ ഈ നടത്തം വലിയ പങ്കുവഹിച്ചുവെന്ന് അംബിക ആവർത്തിച്ചു.




