AUTO

ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ലോഗോ അനാവരണം ചെയ്തു; ഡിസംബർ 3-ന് വിപണിയിലേക്ക്

ഇന്ത്യൻ വാഹന വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ്, തങ്ങളുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി അനാവരണം ചെയ്തു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ന്യൂ എനർജി പാസഞ്ചർ വെഹിക്കിൾ വിഭാഗമായ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ലിമിറ്റഡ്, പുത്തൻ ലോഗോയുൾപ്പെടെയുള്ള മാറ്റങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഡിസംബർ മൂന്നിന് കമ്പനി തങ്ങളുടെ ആദ്യ വാഹനവുമായി വിപണിയിൽ ഔദ്യോഗികമായി തുടക്കം കുറിക്കും.

രാജ്യത്തിന്റെ വൈവിധ്യത്തിനുള്ളിലെ ഐക്യം എന്ന ആശയത്തെ ആധാരമാക്കിയാണ് ലോഗോ വികസിപ്പിച്ചിരിക്കുന്നത്. ഒരു ദീർഘവൃത്തത്തിനുള്ളിൽ മുകളിലേക്ക് ഉയർന്നുനിൽക്കുന്ന രണ്ട് ഘടകങ്ങളാണ് ഇതിന്റെ മുഖ്യ ആകർഷണം. വരുംദിവസങ്ങളിൽ കമ്പനിയുടെ ഷോറൂമുകൾ, ഡിജിറ്റൽ ഇടങ്ങൾ, പുറത്തിറങ്ങുന്ന വാഹനങ്ങൾ എന്നിവയിലെല്ലാം ഈ ലോഗോ പതിപ്പിക്കും.

കമ്പനിയുടെ ഒരു പുതിയ തുടക്കത്തിന്റെ പ്രഖ്യാപനമായാണ് ഈ ചിഹ്നത്തെ കണക്കാക്കുന്നത്. വ്യത്യസ്തമായ ചിന്തകളും വ്യക്തിത്വങ്ങളും ഒത്തുചേരുമ്പോൾ കൈവരുന്ന പൂർണ്ണതയെ ഇത് എടുത്തുകാട്ടുന്നു. പ്രപഞ്ചത്തിലെ ഗ്രഹങ്ങൾ ഗുരുത്വാകർഷണ കേന്ദ്രത്തെ ചുറ്റി സഞ്ചരിക്കുന്ന രീതിയിൽ നിന്ന് ഉൾക്കൊണ്ട ആശയമാണ് ലോഗോയുടെ രൂപകൽപ്പനയ്ക്ക് പിന്നിൽ. മനുഷ്യർ, സാങ്കേതികവിദ്യ, യാത്രകൾ, പുതിയ അവസരങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ചക്രത്തിന്റെ ചലനത്തെ ഓർമ്മിപ്പിക്കുന്ന വക്രരേഖകളാണ് ഇതിനുള്ളത്. മുകളിലേക്കുള്ള വളവ് കൂട്ടായ വികസനത്തെയും മുന്നേറ്റത്തെയും സൂചിപ്പിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതും അവസരങ്ങൾ നൽകുന്നതുമായ ഒരു വളർച്ചാ മാതൃകയാണ് കമ്പനി വിഭാവനം ചെയ്യുന്നത്. കറുപ്പും വെളുപ്പും അടിസ്ഥാന വർണ്ണങ്ങളായി തിരഞ്ഞെടുക്കുമ്പോൾ, ടീൽ നിറത്തെ ഒരു ഉപവർണ്ണമായി കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായി സ്വതന്ത്രമായൊരു വാഹന നിർമ്മാതാവായിട്ടാകും ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് നിലയുറപ്പിക്കുക. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക നിർമ്മാണ യൂണിറ്റിലാകും വാഹനങ്ങൾ അസംബിൾ ചെയ്യുക. പ്രത്യേക ഡീലർഷിപ്പ് ശൃംഖലകളിലൂടെയാണ് വാഹന വിപണനം. ഡിസംബർ മൂന്നിന് വിപണിയിലെത്തുന്ന ആദ്യ വാഹനത്തിലൂടെ പുതിയ ലോഗോ ഉപഭോക്താക്കൾക്ക് നേരിട്ട് കാണാനാകും. താൽപ്പര്യമുള്ളവർക്ക് www.jswmotors.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Sports ⏭️

Back to top button