HEALTH

അട്ടപ്പാടിയിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി: പഠന റിപ്പോർട്ടും കണ്ടെത്തലുകളും

പാലക്കാട്: അട്ടപ്പാടിയിലെ 15 വയസ്സ് തികഞ്ഞ പെൺകുട്ടികളുടെ ആരോഗ്യനില സൂക്ഷ്മമായി പരിശോധിക്കണമെന്ന് നിയമസഭയുടെ പട്ടികജാതി-വർഗ ക്ഷേമ സമിതി നിർദ്ദേശിച്ചു. 2011 മുതൽ 2026 നവംബർ വരെയുള്ള കാലയളവിൽ പ്രസവിച്ച അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവിവരങ്ങൾ, സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം) ബാധിച്ചവരുടെ കണക്കുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഒരു റിപ്പോർട്ട് ഡിസംബർ 20-നകം സമർപ്പിക്കാൻ സമിതി കർശന നിർദ്ദേശം നൽകി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അട്ടപ്പാടി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.

ആരോഗ്യ കേന്ദ്രങ്ങളിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികളിൽ (എച്ച്.എം.സി) പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട സംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കാൻ സമിതി നിർദ്ദേശിച്ചു. പാലക്കാട് മെഡിക്കൽ കോളജിലെ പ്രവേശനത്തിൽ സംവരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സമിതി വ്യക്തമാക്കി. കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രാ സൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പിനോട് ശുപാർശ ചെയ്യും. അടിയന്തര സാഹചര്യത്തിൽ താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗ്രാൻഡിന് പകരമായി നൽകുന്ന ഭക്ഷണത്തിന്റെ നിലവാരം ഉന്നതമാണെന്ന് ഉറപ്പാക്കണം. 2006-ലെ വനാവകാശ നിയമപ്രകാരം വിതരണം ചെയ്ത ഭൂമിയുടെ പൂർണ്ണരൂപം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സമിതി ആവശ്യപ്പെട്ടു. അട്ടപ്പാടിയിൽ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഓരോ മാസവും നിശ്ചിത തീയതിയിൽ മോണിറ്ററിങ് സമിതി യോഗം ചേരണമെന്നും നിർദ്ദേശമുണ്ട്.

ആദിവാസി ഭൂമി കയ്യേറി നടത്തുന്ന അനധികൃത നിർമ്മാണങ്ങൾ 24 മണിക്കൂറിനുള്ളിൽ സ്റ്റോപ്പ് മെമ്മോ നൽകി തടയാൻ സമിതി ഉത്തരവിട്ടു. കെ.എൽ.ടി.എ നിയമപ്രകാരം നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ ഉദ്യോഗസ്ഥരോട് അധ്യക്ഷൻ ആവശ്യപ്പെട്ടു. അഹാഡ്‌സ് വാച്ചർമാരുടെ പുനർവിന്യാസം, ഏകലവ്യ സ്‌കൂൾ കെട്ടിട നിർമ്മാണം, ഭവനപദ്ധതികൾ തുടങ്ങിയ 11 പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കൂടാതെ പുതുതായി ലഭിച്ച 22 പരാതികളും സമിതി സ്വീകരിച്ചു.

പട്ടികജാതി-വർഗ ക്ഷേമ സമിതി അംഗങ്ങളായ പി.പി. സുമോദ്, സി.കെ. കാസിം, വി.ടി. സൂരജ്, കെ. ബിനുമോൻ, യു.ആർ. പ്രദീപ് തുടങ്ങിയ എം.എൽ.എമാരും ജില്ലാ കലക്ടർ കെ. സുധീർ, ഒറ്റപ്പാലം സബ് കലക്ടർ അഞ്ജീത് സിങ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശൻ, ജില്ലാ പൊലീസ് മേധാവി അബ്ദുൽ റാഷി, പാലക്കാട് ആർ.ഡി.ഒ കെ. ദേവകി, നിയമസഭ റിപ്പോർട്ടർ കെ. ശ്രീകല, എസ്.ഒ പി.ആർ. ഗോപൻ എന്നിവരോടൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Life Style ⏭️

Back to top button