ഡിമെൻഷ്യ: വാർധക്യസഹജമല്ല, പ്രതിരോധത്തിന് മുൻകരുതലുകൾ അനിവാര്യം

പ്രായമാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ് ഡിമെൻഷ്യ അഥവാ മറവിരോഗം എന്ന് പലരും തെറ്റായി വിശ്വസിക്കുന്നു. എന്നാൽ, ഇതൊരു സാധാരണ വാർധക്യ സഹജമായ അവസ്ഥയല്ലെന്ന് ന്യൂറോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏകദേശം 88 ലക്ഷത്തോളം മുതിർന്ന പൗരന്മാർ ഡിമെൻഷ്യയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 60 വയസ്സിന് മുകളിലുള്ളവരിൽ 7.4 ശതമാനം ആളുകളെ ഈ രോഗം ബാധിക്കുന്നു. യുവാക്കളിൽ ഡിമെൻഷ്യ വളരെ അപൂർവ്വമാണെങ്കിലും, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 9 ശതമാനത്തോളം കേസുകൾ 65 വയസ്സിന് മുൻപേ തന്നെ പ്രകടമായി തുടങ്ങുന്നുണ്ട്.
എന്താണ് ഡിമെൻഷ്യ?
ഡിമെൻഷ്യ എന്നത് ഒരൊറ്റ രോഗാവസ്ഥയല്ല, മറിച്ച് മസ്തിഷ്കവുമായി ബന്ധപ്പെട്ട പലതരം പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ഒരു പൊതുവായ പദമാണ്. ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന തരത്തിലുള്ള ഓർമ്മക്കുറവ്, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ, ചിന്താശേഷിയിലെ തകരാറുകൾ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ വൈജ്ഞാനിക വൈകല്യങ്ങളെയാണ് ഇത് ഉൾക്കൊള്ളുന്നതെന്ന് ഡോ. അരുൺ ഷാ വിശദീകരിക്കുന്നു. വ്യക്തിയുടെ ചിന്ത, ഓർമ്മ, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, സാമൂഹിക ഇടപെടലുകൾ എന്നിവയെല്ലാം വൈജ്ഞാനിക ശേഷിയുടെ (cognition) ഭാഗമാണ്.
അപകട ഘടകങ്ങൾ
രക്താതിമർദ്ദം, പ്രമേഹം, അമിതവണ്ണം, സ്ലീപ് അപ്നിയ, പുകവലി, ആവർത്തിച്ചുള്ള സ്ട്രോക്ക് തുടങ്ങിയവ വാസ്കുലർ ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ഡോ. അരുൺ ചൂണ്ടിക്കാട്ടുന്നു. ഡിമെൻഷ്യ ക്രമേണ വഷളായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. നിലവിൽ ഇതിന് പരിമിതമായ ചികിത്സാ സൗകര്യങ്ങളേ ഉള്ളൂ എന്നതിനാൽ, പ്രതിരോധത്തിന് തന്നെയാണ് മുൻഗണന നൽകേണ്ടത്. പൂർണ്ണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും, ആരോഗ്യപരമായ ജീവിതരീതികളിലൂടെ രോഗസാധ്യത കുറയ്ക്കാനും രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സമയം വൈകിപ്പിക്കാനും സാധിക്കും.
പ്രതിരോധ മാർഗ്ഗങ്ങൾ
- ന്യൂറോപ്ലാസ്റ്റിസിറ്റി: തലച്ചോറിന് പുതിയ കാര്യങ്ങൾ പഠിക്കാനും അനുഭവങ്ങൾക്കനുസരിച്ച് സ്വയം മാറാനുമുള്ള കഴിവാണ് ന്യൂറോപ്ലാസ്റ്റിസിറ്റി. ഇത് ഡിമെൻഷ്യയെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
- ചിട്ടയായ വ്യായാമം: ആഴ്ചയിൽ 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു.
- തലച്ചോറിനെ സജീവമാക്കുക: വായന, ചെസ്സ്, പദപ്രശ്നങ്ങൾ പൂരിപ്പിക്കൽ, പുതിയ ഭാഷകൾ പഠിക്കൽ തുടങ്ങിയവ തലച്ചോറിനെ ഉന്മേഷത്തോടെ നിലനിർത്തും.
- ആരോഗ്യകരമായ ഭക്ഷണശീലം: പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, നട്സ്, മത്സ്യം എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യുക.
- ജീവിതശൈലീ രോഗനിയന്ത്രണം: പ്രമേഹം, അമിത കൊളസ്ട്രോൾ, ബിപി എന്നിവ കൃത്യമായി നിയന്ത്രിക്കുന്നത് രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കും.
- ഗുണമേന്മയുള്ള ഉറക്കം: ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ സുഖനിദ്ര ഉറപ്പാക്കുക. ഉറക്കത്തിലെ ശ്വാസതടസ്സത്തിന് വിദഗ്ധ ചികിത്സ തേടുക.
- സാമൂഹിക ബന്ധങ്ങൾ: ഒറ്റപ്പെടൽ ഒഴിവാക്കി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഇടപെടുന്നത് മാനസിക ഉന്മേഷം നൽകും.
- ഇന്ദ്രിയ സംരക്ഷണം: കാഴ്ചയിലും കേൾവിയിലും ഉണ്ടാകുന്ന കുറവുകൾ യഥാസമയം കണ്ണടയോ ശ്രവണസഹായിയോ ഉപയോഗിച്ച് പരിഹരിക്കുക.
- ദുശ്ശീലങ്ങൾ ഒഴിവാക്കുക: പുകവലിയും അമിതമായ മദ്യപാനവും തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
- മാനസികാരോഗ്യം: സമ്മർദ്ദങ്ങൾ കുറയ്ക്കുകയും വിഷാദരോഗം പോലുള്ളവയ്ക്ക് കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യുക.
- സുരക്ഷാ മുൻകരുതലുകൾ: തലയ്ക്ക് പരിക്കേൽക്കാതെ നോക്കുക. വാഹനങ്ങളിൽ സീറ്റ് ബെൽറ്റും ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധമാക്കുക. പ്രായമായവർ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- വായുമലിനീകരണം: മലിനമായ അന്തരീക്ഷത്തിൽ ദീർഘനേരം ചെലവഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.




