TRAVEL

ട്രെയിൻ യാത്രയിൽ ലോവർ ബെർത്ത് ഉറപ്പാക്കാൻ ടിക്കറ്റ് ബുക്കിംഗിന് മുൻപ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

ട്രെയിൻ യാത്രകളിൽ, വിശിഷ്യാ ദീർഘദൂര യാത്രകളിൽ മുകളിലത്തെ ബെർത്തിൽ കയറിപ്പറ്റുക എന്നത് പലർക്കും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും സന്ധിവേദന പോലുള്ള ശാരീരിക അസ്വസ്ഥതകളുള്ളവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എപ്പോഴും സൗകര്യപ്രദമായിരിക്കുന്നത് ലോവർ ബെർത്ത് തന്നെയാണ്. ലഗേജുകൾ കൈകാര്യം ചെയ്യാനും രാത്രി സുഖകരമായി ഉറങ്ങാനുമെല്ലാം ഇത് കൂടുതൽ സഹായകരമാണ്. എന്നാൽ, റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെറുമൊരു അപേക്ഷ നൽകിയതുകൊണ്ട് മാത്രം ലോവർ ബെർത്ത് ലഭിക്കണമെന്നില്ല. ലഭ്യമായ സീറ്റുകളും റെയിൽവേയുടെ നിശ്ചിത മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സീറ്റുകൾ അനുവദിക്കുന്നത്. എങ്കിലും, ഐ.ആർ.സി.ടി.സി വഴി ടിക്കറ്റ് എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോവർ ബെർത്ത് ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ സാധിക്കും.

യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സമയത്ത് പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ‘ബെർത്ത് പ്രിഫറൻസ്’. ട്രെയിൻ തിരഞ്ഞെടുത്ത ശേഷം യാത്രക്കാരുടെ വിവരങ്ങൾ നൽകുന്ന പേജിൽ ഓരോരുത്തരുടെയും പേരിന് നേരെ ‘Berth Preference’ എന്നൊരു ഓപ്ഷൻ കാണാം. അവിടെ ‘Lower Berth’ എന്ന് പ്രത്യേകം തിരഞ്ഞെടുക്കാൻ മറക്കരുത്. പ്രായമായവർക്കും മറ്റും ടിക്കറ്റ് എടുക്കുമ്പോൾ ഇത് കൃത്യമായി രേഖപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ, ഇത് തിരഞ്ഞെടുത്തതുകൊണ്ട് മാത്രം ലോവർ ബെർത്ത് ഉറപ്പാക്കാൻ കഴിയില്ലെന്നും, ഇതൊരു മുൻഗണനാ അപേക്ഷ മാത്രമാണെന്നും മനസ്സിലാക്കുക.

‘റിസർവേഷൻ ചോയ്സ്’ എന്ന സൗകര്യം സാധാരണ ബെർത്ത് പ്രിഫറൻസിനേക്കാൾ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ബുക്കിംഗ് നടപടികളുടെ അവസാന ഘട്ടത്തിൽ ഈ ഓപ്ഷൻ ലഭ്യമാകും. ഇതിൽ “കുറഞ്ഞത് ഒരു ലോവർ ബെർത്ത് ലഭിച്ചാൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക” (Book only if at least 1 lower berth is allotted) അല്ലെങ്കിൽ “രണ്ട് ലോവർ ബെർത്തുകൾ ലഭിച്ചാൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക” (Book only if 2 lower berths are allotted) എന്നീ നിബന്ധനകളിൽ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. രണ്ടുപേർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഇരുവർക്കും ലോവർ ബെർത്ത് നിർബന്ധമാണെങ്കിൽ ഈ സംവിധാനം വലിയൊരു അനുഗ്രഹമാണ്. എന്നാൽ, ഒരു കാര്യം പ്രത്യേകം ഓർക്കുക, നിങ്ങൾ നൽകിയ നിബന്ധനകൾക്കനുസരിച്ചുള്ള ബെർത്തുകൾ ലഭ്യമല്ലെങ്കിൽ ആ ടിക്കറ്റ് ബുക്ക് ആകില്ല.

Sports ⏭️

Back to top button