BUSINESS

എൻവിഡിയയിൽ പുതിയ പ്രണയകഥ: സിഇഒ ആകുമെന്ന് കരുതിയ ഇന്ത്യക്കാരനും പ്രണയത്തിൽ

സിഇഒ ജെൻസെൻ ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങും മുൻപേ എൻവിഡിയയിൽ മറ്റൊരു പ്രണയകഥ കൂടി പുറത്തുവരുന്നു. ഇത്തവണ വാർത്തകളിൽ നിറയുന്നത് എൻവിഡിയയിലെ ഉന്നത പദവിയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ജയ് പുരിയാണ്. എൻവിഡിയയുമായി ബിസിനസ് ബന്ധമുള്ള ഒരു ചൈനീസ് കമ്പനിയിലെ ഉദ്യോഗസ്ഥയുമായി ജയ് പുരി ദീർഘകാലം പ്രണയത്തിലായിരുന്നുവെന്ന് വോൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എൻവിഡിയയുടെ ആഗോള സെയിൽസ് വിഭാഗം മേധാവിയായിരുന്ന ജയ് പുരി, ജെൻസെൻ ഹുവാങ് സ്ഥാനമൊഴിയുകയാണെങ്കിൽ സിഇഒ സ്ഥാനത്തേക്ക് പോലും ഉയർത്തപ്പെടാൻ സാധ്യതയുണ്ടായിരുന്ന വ്യക്തിയായിരുന്നു. ചൈനീസ് കമ്പനിയായ സൂപ്പർ മൈക്രോ കംപ്യൂട്ടറിലെ ചീഫ് ഗ്രോത്ത് ഓഫീസർ സെൻലി ചെനുമായി ജയ് പുരി വർഷങ്ങളോളം പ്രണയബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾക്കായി സൂപ്പർ മൈക്രോ കംപ്യൂട്ടർ അക്ഷീണം പരിശ്രമിച്ചിരുന്ന കാലയളവിലായിരുന്നു ഈ ബന്ധം എന്നത് ശ്രദ്ധേയമാണ്. അക്കാലത്ത് ചിപ്പുകൾ വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്ന സെയിൽസ് വിഭാഗത്തിന്റെ തലവൻ ജയ് പുരിയായിരുന്നു.

ഈ സമയങ്ങളിൽ ജയ് പുരിയും സെൻലി ചെനും തുടർച്ചയായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സൂപ്പർ മൈക്രോ കംപ്യൂട്ടറിന്റെ സിഇഒ ചാർൾസ് ലിയാങിനൊപ്പം ഇവർ പലതവണ എൻവിഡിയയുടെ ഓഫീസുകളിൽ സന്ദർശനം നടത്തിയിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. 71 വയസ്സുള്ള ജയ് പുരി അടുത്തിടെയാണ് സെൻലി ചെനിനെ വിവാഹം കഴിച്ചത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. അതേസമയം, വ്യക്തിപരമായ ഈ ബന്ധം ഉപയോഗിച്ച് സെൻലി ചെൻ കമ്പനിക്ക് അമിതമായ ബിസിനസ് ആനുകൂല്യങ്ങൾ നേടിയെടുത്തതിന് നിലവിൽ തെളിവുകളൊന്നുമില്ല.

ചൈനയിലേക്ക് ചിപ്പുകൾ കടത്തിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എൻവിഡിയയുടെ അത്യാധുനിക ചിപ്പുകൾ ചൈനയിലേക്ക് രഹസ്യമായി കടത്തിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന സ്ഥാപനമാണ് സൂപ്പർ മൈക്രോ കംപ്യൂട്ടർ. എൻവിഡിയ ചിപ്പുകൾ ഘടിപ്പിച്ച സെർവറുകൾ സിംഗപ്പൂർ വഴി ചൈനീസ് ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകിയെന്നാരോപിച്ച് കമ്പനിയുടെ സഹസ്ഥാപകരിലൊരാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അമേരിക്കൻ കോടതി 51 കോടി ഡോളർ പിഴ ചുമത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാതൊരുവിധ തെളിവുകളുമില്ലെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക നിലപാട്.

Travel ⏭️

Back to top button